ന്യൂഡൽഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ഡൽഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു. പാകിസ്ഥാന് സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ഡൽഹിയിലെത്തിയത്. പാകിസ്ഥാനിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതിനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാൽ ഇന്ത്യ ഇതിനോട് യോജിക്കാത്തതിനാൽ അദ്ദേഹം സൗദിയിലെത്തിയ ശേഷമാണ് ഇന്ത്യയിലെത്തിയത്. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. ഊര്‍ജ്ജരംഗത്ത് ഉള്‍പ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും.
ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തില്‍ ഇന്ത്യ സൗദിയുടെ പിന്തുണ തേടും. പുല്‍വാമ ആക്രമണത്തെ കുറിച്ച് സൗദി എന്ത് പറയുമെന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.
പാക് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുളള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനായ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നിലപാടിനെ സൗദി കിരീടാവകാശി പ്രശംസിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന.
Post Your Comments