കാസര്‍കോട് : കാസര്‍കോട് പെരിയയില്‍ നടന്ന യൂത്ത് ഇരട്ടക്കൊലപാതകത്തില്‍ ഇന്ന് അറസ്റ്റിന് സാധ്യത. കൊലപാതകികളെക്കുറിച്ച് പൊലീസിന് നിര്‍ണായകവിവരങ്ങള്‍ കിട്ടിയതായി സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്.
കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവ് പീതാംബരനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്ലാല് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
ഇന്നലെ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരുണേശ്, നിഥിന്, നീരജ് എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്നും പൊലീസ് അറിയിച്ചു.
Post Your Comments