KeralaNews

സംസ്ഥാനത്തെ ആദ്യ ടെന്നീസ് അക്കാദമി തിരുവനന്തപുരത്ത്

 

തിരുവനന്തപുരം: കായികരംഗത്ത് കേരളം നടത്തുന്ന മറ്റൊരു കുതിപ്പിനുകൂടി തിരുവനന്തപുരം സാക്ഷിയാകുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ ടെന്നീസ് അക്കാദമി തലസ്ഥാനത്തിന് സ്വന്തം. കേരള ടെന്നീസ് അക്കാദമി എന്ന പേരിലുള്ള അക്കാദമി ചൊവ്വാഴ്ച മുതല്‍ നാടിന് സ്വന്തമാകും. ദേശീയ ഗെയിംസിന് കേരളം വേദിയായപ്പോള്‍ നിര്‍മിച്ച രാമനാഥന്‍ കൃഷ്ണന്‍ ടെന്നീസ് കോംപ്ലക്‌സ് ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യത്തെ സര്‍ക്കാര്‍ ടെന്നീസ് അക്കാദമിയാക്കി ഉയര്‍ത്തിയത്. കായികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി നിര്‍മാണത്തിന് 2.51 കോടി മുടക്കിയാണ് യാഥാര്‍ഥ്യമാക്കിയത്. ദേശീയ ഗെയിംസിനുവേണ്ടി മൂന്ന് കോര്‍ട്ടാണ് ഇവിടെ നിര്‍മിച്ചത്. ഗെയിംസ് കഴിഞ്ഞശേഷം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ടെന്നീസ് കോംപ്ലക്‌സിനെ തിരിഞ്ഞുനോക്കിയിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചത്.

നിലവിലുള്ള മൂന്ന് കോര്‍ട്ടിലും മേല്‍ക്കൂര സ്ഥാപിച്ചു. ഇതോടെ മഴയും വെയിലും കൂസാതെ പരിശീലനം നടത്താനുള്ള സൗകര്യമായി. കൂടാതെ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗ്യാലറി എന്നിവ പുനരുദ്ധരിച്ചു. മൂന്ന് കോര്‍ട്ടിന്റെ ഫ്‌ളോറിങ്, എല്‍ഇഡി ഫ്‌ളഡ്ലൈറ്റ്, ഔട്ട്‌ഡോര്‍ സിന്തറ്റിക് കോര്‍ട്ട്, 600 ഓളം പേര്‍ക്ക് ഒരേസമയം കളികാണാന്‍ സാധിക്കുന്ന ഗ്യാലറി എന്നിവ ഉള്‍പ്പെടെ അന്തര്‍ദേശീയ നിലവാരത്തിലാണ് അക്കാദമി ഒരുക്കിയിരിക്കുന്നത്. നിലവില്‍ ടെന്നീസ് കോംപ്ലക്‌സില്‍ സമ്മര്‍ പരിശീലന ക്യാമ്പുകള്‍ നടത്താറുണ്ട്. അക്കാദമി ആകുന്നതോടെ ദിവസവും പരിശീലനത്തിനുള്ള സൗകര്യം താരങ്ങള്‍ക്ക് ലഭിക്കും. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് പോലുള്ള സ്വകാര്യ അക്കാദമികളേക്കാള്‍ മികച്ച പരിശീലനവും കുറഞ്ഞ ഫീസ് നിരക്കും താരങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. കായികവകുപ്പിന് കീഴിലെ ആദ്യ അത്യാധുനിക ജിംനേഷ്യം കഴിഞ്ഞമാസമാണ് വെള്ളയമ്പലത്ത് പ്രവര്‍ത്തനമാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button