കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തിലെ പുത്തൂര്‍-മണിമുണ്ട നിവാസികളുടെ ദീര്‍ഘകാല സ്വപ്നം പൂവണിയുന്നു. വനമേഖലയില്‍ കഴിയുന്ന 70 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഈ വീടുകളില്‍ വൈദ്യുതിയെത്തും. ആദ്യപടിയായി 11 കെവി ലൈന്‍ എത്തിനില്‍ക്കുന്ന പിലാക്കാവ് 2 ട്രാന്‍സ്‌ഫോര്‍മര്‍ സ്ട്രക്ച്ചറില്‍നിന്ന് 1300 മീറ്റര്‍ ഭൂഗര്‍ഭ കേബിളുകള്‍ വലിച്ചു.
ലൈന്‍ നിയന്ത്രണത്തിനായി എയര്‍ബ്രേക്ക് സ്വിച്ചുകള്‍ ഇരട്ട പോസ്റ്റുകള്‍ സ്ഥാപിച്ചുള്ള സ്ട്രക്ചറില്‍ ഉറപ്പിക്കുകയും 29 മീറ്റര്‍ ഓവര്‍ഹെഡ് ലൈന്‍ അനുബന്ധമായി വലിച്ച് ഭൂഗര്‍ഭ കേബിളുകളുടെ ഇരുഭാഗത്തുമായി കൂട്ടിയോജിപ്പിക്കുകയായിരുന്നു അടുത്ത ഘട്ടം.
വിതരണ ശൃംഖലയില്‍ 100 കെവിഎ ട്രാന്‍സ്‌ഫോര്‍മര്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്ഥാപിച്ചു. തുടര്‍ന്ന് 1400 മീറ്റര്‍ ത്രീഫേസ് ലൈനും 2550 മീറ്റര്‍ സിംഗിള്‍ ഫേസ് ലൈനും ഗുണഭോക്താക്കളുടെ കൈവശ ഭൂമിയിലൂടെ നിര്‍ദിഷ്ട സ്ഥലത്തെത്തിക്കുകയായിരുന്നു.
സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇടക്കാലത്ത് നിര്‍ത്തിവച്ച പ്രവൃത്തി വനംവകുപ്പ് അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ബത്തേരി വൈദ്യുതി വകുപ്പ് ഓഫിസിന് കഴിഞ്ഞു. പ്രദേശവാസികളുടെയും ഊരുകൂട്ട സമിതിയുടെയും കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുന്നത്.
Post Your Comments