ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ‘ഭാരത് കേ വീര്‍’ അക്കൗണ്ടിൽ ഇതുവരെ എത്തിയത് 46 കോടി രൂപ. നാലുദിവസത്തിടെ 80,000-ത്തിലധികം പേരാണ് സംഭാവന നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍, അര്‍ധസൈനിക വിഭാഗ മേധാവികള്‍ അംഗങ്ങളായ സമിതിയാണ് സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത്. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ഐ.ടി.ബി.പി, എന്‍.എസ്.ജി, എസ്.എസ്.ബി, അസം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.
സാധാരണക്കാര്‍ക്കും തങ്ങളാലാവുന്ന സഹായം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നല്‍കാനാകും. ഈ വെബ്സൈറ്റു വഴി ഓരോ ജവാന്റേയും കുടുംബങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കാന്‍ കഴിയും. ലഭിച്ച തുക വിതരണം ചെയ്‌തതായി സർക്കാർ അറിയിച്ചു. അതേസമയം സൈനികരുടെ കുടുംബത്തിനെ സഹായിക്കുന്നതിനായി പേ ടിഎം കഴിഞ്ഞ ദിവസം മുതല്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. bharatkeveer.gov.in ഈ വെബ്‌സൈറ്റ് വഴി സംഭാവനകള്‍ നല്‍കാം.
Post Your Comments