തിരുവനന്തപുരം•കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ സി.പി.എം ഗുണ്ടകള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഒഴിയണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം സി.പി.എം ഗുണ്ടകള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിന്‍റെ മനസാക്ഷിയെ മരവിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളെ ന്യായീകരിക്കുകയും കൊലപാതികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സി.പി.എമ്മിന്‍റെ കിരാത നടപടിയാണ് കേരളത്തിലുടനീളം പാര്‍ട്ടിയുടെ ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്ക് കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രേരണ നല്‍കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
കണ്ണൂരിലെ ഇടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിനെ 41 വെട്ടുകള്‍ വെട്ടി അതിദാരുണമായി കൊലപ്പെടുത്തിയതിന്‍റെ ഒരു വര്‍ഷം തികഞ്ഞ് രണ്ട് നാള്‍ കഴിഞ്ഞപ്പോളാണ് കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ രണ്ട് പേരെ മൃഗീയമായി കൊലപ്പെടുത്തിയത്. സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത് ഇവരെ പോലീസ് റിമാന്‍റ് ചെയ്തിരുന്നു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ സ്ഥലത്തെ അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധനും ക്രിമിനലും നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള വ്യക്തിയുമാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്നതിനെ എതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഈ ചെറുപ്പക്കാരെ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലും തന്‍റെ ഗുണ്ടായിസത്തെ പരസ്യമായി എതിര്‍ത്തത് ചോദ്യം ചെയ്തതിന്‍റെ പേരിലുമാണ് മൃഗീയമായ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.
സി.പി.എമ്മിന്‍റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിശീലനം സൃഷ്ടിച്ച ക്വൊട്ടേഷന്‍ സംഘമാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് കൃപേഷിനേയും ശരത് ലാലിനേയും ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്.
സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളുടെ ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയ എതിരാളികളെ വകവെരുത്താന്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സി.പി.എം. ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടി ചെലവില്‍ പരിശീലനം നല്‍കി പാര്‍ട്ടി ഓഫീസുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഉപയോഗിച്ചാണ് രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തേണ്ട ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായെന്നിരിക്കെ നിന്ദ്യവും നീചവുമായ രീതിയില്‍ രണ്ട് യുവാക്കളെ പച്ചയായി വെട്ടിക്കൊന്ന സി.പി.എം ഫാസിസ്റ്റ് നടപടി പഴയ സ്റ്റാലിനിസം തിരിച്ചുകൊണ്ടു വരുന്നതിന്‍റെ ഭാഗമായിട്ടാണ്. സി.പി.എമ്മിന്‍റെ ഉന്നത നേതാക്കള്‍ക്ക് ഈ വധത്തില്‍ പങ്കുണ്ട്. അവരുടെ വന്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ കൊലപാതകം നടന്നത്.
കെ.പി.സി.സി ഈ കൊലപാതകത്തെ ഗൗരവമായി കാണുന്നു. ഷുഹൈബിനെ പോലെ കൃപേഷും ശരത്ലാലും ധീരരക്തസാക്ഷികളായി മാറിയിരിക്കുകയാണ്. ഇവരുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നത് വരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും പ്രവര്‍ത്തിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. കൃപേഷിന്‍റേയും ശരത്ലാലിന്‍റേയും കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കും. സംഭവം അറിഞ്ഞ ഉടന്‍ തന്നെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ കൊലപാതകത്തെ അപലപിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വലിയ ഒരു ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ പോലും മര്‍ദ്ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാകുമ്പോള്‍ അതില്‍ ഇടപെടാനും പാര്‍ട്ടി പ്രവര്‍ത്തര്‍ക്ക് ആത്മധൈര്യം നല്‍കാനും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ കാണിക്കുന്ന പ്രത്യേക താല്‍പര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്തെന്നില്ലാത്ത ആവേശം ഉണ്ടാക്കിയിരിക്കുന്നതായും വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
Post Your Comments