പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിയ്‌ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ ചര്‍ച്ച നടന്നില്ല. ഗവര്‍ണറുടെ ഓഫിസില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി.
ഗവര്‍ണര്‍ കിരണ്‍ ബേദി നിശ്ചയിക്കുന്ന വേദിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസില്‍ ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് എത്തണം. ഇതിന് ഗവര്‍ണര്‍ തയ്യാറാകാത്തതിനാല്‍ സമരം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ, ഗവര്‍ണറുടെ ഓഫിസില്‍ ചര്‍ച്ചയ്ക്ക് എത്താനായിരുന്നു കിരണ്‍ ബേദി നല്‍കിയ നിര്‍ദ്ദേശം.
ഏഴു ദിവസമായി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ ധര്‍ണ സമരത്തിന്, വിവിധ കക്ഷികള്‍ പിന്തുണയുമായി എത്തിയതോടെയാണ് ഗവര്‍ണര്‍ കിരണ്‍ ബേദി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ ഇന്ന് ഉച്ചയോടെ പുതുച്ചേരിയില്‍ എത്തി. 21ന് മാത്രമേ ചര്‍ച്ച നടത്താന്‍ സാധിയ്ക്കൂ എന്ന നിലപാടില്‍ നിന്ന് പിന്‍മാറുകയായിരുന്നു ഗവര്‍ണര്‍.
Post Your Comments