തിരുവനന്തപുരം: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ വരുന്നു. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റർ നീളത്തിലാണു തുരങ്കപാത സംസ്ഥാനത്ത് നിർമിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാൻ കൊങ്കൺ റെയിൽ കോർപറേഷനെ നിയമിച്ചു സർക്കാർ ഉത്തരവിറക്കി.
2014 ലാണ് തുരങ്കപാതയുടെ സാധ്യതാപഠനം നടത്തിയത്. 2016 ൽ സർക്കാർ അനുമതി നൽകി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദൽമാർഗമായാണു തുരങ്കപാത നിർമിക്കുന്നത്. തുരങ്കപാത നിർമിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയിൽ രണ്ടുവരിപ്പാതയാണു നിർദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയിൽ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും.
ആനക്കാംപൊയിൽ സ്വർഗംകുന്നിൽ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിർമിക്കുക. റോഡ് ഫണ്ട് ബോർഡിനെയാണ് എസ്പിവി(സ്പെഷൽ പർപ്പസ് വെഹിക്കിൾ)യായി നിയമിച്ചത്. പിന്നീടു മരാമത്ത് ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിലാണു തുരങ്കപാത നിർമിച്ചു പരിചയമുള്ള ഏജൻസിയെ ചുമതല ഏൽപിക്കണമെന്നു നിർദേശിച്ചതെന്നു മരാമത്ത് സെക്രട്ടറി ജി. കമലവർധന റാവുവിന്റെ ഉത്തരവിൽ പറയുന്നു.
Post Your Comments