Latest NewsInternational

കളിയല്ല രാഷ്ട്രീയമെന്ന് മനസിലായി : തായ് രാജകുമാരി മാപ്പു പറഞ്ഞു

ബാങ്കോക്ക്‌ : പ്രധാനമന്ത്രി തെരെഞ്ഞെടുപ്പിലേക്കു രാജകുമാരി നാമനിര്‍ദ്ദേശ പത്രിക നല്‍കിയതാണ് തായ്ലന്‍ഡിലെ ഏറ്റവും പുതിയ വിവാദം. തായ് രക്ഷ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജകുമാരി ഉപോല്‍ രത്നയുടെ പേര് സമര്‍പ്പിച്ചത് രാഷ്ടീയ കോളിളക്കത്തിനാണ് വഴിവച്ചത്.

രാഷ്ട്രീയത്തിനും മുകളിലാണ് തായ്ലന്‍ഡില്‍ രാജവംശത്തിനു സ്ഥാനം. എന്നാല്‍ കലുഷിത സമയങ്ങളില്‍ പൊതുകാര്യങ്ങളില്‍ ഇടപെടാന്‍ രാജവംശത്തിനു മടിയുമില്ല . രാജകുമാരിയുടെ സ്ഥാനാര്‍ത്ഥിത്വം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നു തായ് രക്ഷ ചാര്‍ട്ടിനെ പിരിച്ചുവിടാനുള്ള നിര്‍ദേശം ഭരണഘടനാ കോടതിക്ക് നല്‍കണമോ എന്നും കമ്മീഷന്‍ ചര്‍ച്ച ചെയ്യും. തായ് ജനതക്കിടയില്‍ പ്രവര്‍ത്തിക്കുവാനുള്ള തന്റെ ആഗ്രഹം ഇങ്ങനെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതില്‍ ഉപോല്‍ രത്‌ന ക്ഷമ ചോദിച്ചു.

മുന്‍ രാജാവായിരുന്ന ഭുമിബോല്‍ അതുല്യ ധേജിന്റെ മൂത്തമകളാണ് ഉപോല്‍ രത്‌ന. 1972 ല്‍ അമേരിക്കന്‍ വംശജനെ വിവാഹം ചെയ്യുന്നതിനായി അവര്‍ തന്റെ രാജപദവി ഉപേക്ഷിച്ചിരുന്നു. വിവാഹബന്ധം വേര് പിരിഞ്ഞു തിരികെ എത്തിയപ്പോള്‍ ചക്രി രാജവംശത്തിലെ അംഗമായിട്ടാണ് ആളുകള്‍ കാണുന്നത്. ശക്തരായ ഷിനാവത്ര ഗോത്രത്തിന്റെ പിന്തുണയുള്ള പാര്‍ട്ടി 2001 മുതല്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രി തക്ഷിണ്‍ ജയില്‍ശിക്ഷ ഒഴിവാക്കാന്‍ നാടുവിട്ടു നില്‍ക്കുകയാണ്. ഉപോല്‍ രത്‌നയെ മുന്‍നിറുത്തിയുള്ള തന്റെ രാഷ്ട്രീയ തന്ത്രം തിരിച്ചടിയായിരിക്കുകയാണ് തക്ഷിണ്‍ ഷിനാവത്രക്ക്.
.
ഉപോല്‍ രത്നയുടെ സ്ഥാനാര്‍ത്ഥിത്വം പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി രാജാവ് വാജിറലോങ്ങ്‌കോങ്ങ് രംഗത്തെത്തിയിരുന്നു. തക്ഷിണിനെയും സഹോദരി ഇന്റലുക്കിനെയും അട്ടിമറിയിലൂടെയാണ് 2014 ല്‍ പുറത്താക്കിയത്. പാര്‍ട്ടിയെ തകര്‍ക്കുവാനുള്ള ഒരു നീക്കവും അംഗീകരിക്കുകയില്ലെന്നു ഉന്നത തായ് രക്ഷ നേതാക്കള്‍ അറിയിച്ചു. ഇതിനിടെ പാര്‍ട്ടിയോട് കൂറുള്ള, ഷിനാവത്രയുടെ മകന്‍ പൊന്‍തോങ്‌തെയുടെ ഉടമസ്ഥതയിലുള്ള വോയിസ് ടീവിയോട് സംപ്രേക്ഷണം നിറുത്തുവാന്‍ രാജ്യത്തെ വാര്‍ത്താവിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button