വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാന്‍ പണം കണ്ടെത്താനായി അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ നിരവധിപേര്‍ രംഗത്ത്. ടെക്സാസിലെ മൂന്ന് ഭൂ ഉടമകളും പരിസ്ഥിതി സംഘടനയും മെക്സിക്കന്‍ മതില് പ്രാവര്‍ത്തികമാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഹര്‍ജി നല്കി. കൊളംബിയയിലെ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മതില് നിര്‍മിച്ചാല്‍ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്നു കാണിച്ചാണ് തെക്കന്‍ ടെക്സാസിലെ ഭൂഉടമകള്‍ ഹര്‍ജി നല്‍കിയത്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന മതില് പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നു കാണിച്ചാണ് പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ ബിഷപ്പുമാരും രംഗത്തെത്തി. സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടത് മതിലുകള്‍ തീര്‍ത്തല്ല, മറിച്ച് പാലങ്ങള്‍ തീര്‍ത്തുകൊണ്ട് മനുഷ്യരെ സമന്വയിപ്പിച്ചാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടാണ് ഈ വിഷയത്തില്‍ തങ്ങള്‍ക്കുമുള്ളതെന്ന് അമേരിക്കന്‍ കാത്തലിക്ക് മെത്രാന് സമിതി (യുഎസ്സിസിബി) പ്രസ്താവനയില്‍ പറഞ്ഞു. ധനവിനിയോഗബില്ലില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മതിലിന് അനുവദിച്ചത് 137 കോടി ഡോളറാണ്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളര്‍ നല്കാന് കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ മതില് നിര്‍മിക്കുന്നതിന് ഇനിയും ഫണ്ട് ശേഖരിക്കുന്നതിനോട് തങ്ങള്‍ക്ക് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മെത്രാന് സമിതി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments