ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പാക്കിസ്ഥാന്‍. അന്വേഷണങ്ങള്‍ക്ക് മുൻപേ ആരോപണം ഉന്നയിക്കുകയാണ്. ജെയ്ഷെ മുഹമ്മദിനെ 2002ല്‍ നിരോധിച്ചെന്നും ഉപരോധം തുടരുന്നുവെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. എന്നാൽ ജെയ്ഷെ തലവന്‍ മസൂദ് അസര്‍ ചാവേറാക്രമണത്തിന് നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ചാണെന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പ്രത്യാക്രമണം മുന്നില്‍ക്കണ്ട് പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ ഒഴിപ്പിച്ചു തുടങ്ങി.
ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണി, അബ്ദുല്‍ഗനി ഭട്ട് എന്നിവര്‍ക്ക് നല്‍കിയിരുന്ന അതീവസുരക്ഷയും മറ്റുസൗകര്യങ്ങളുമാണ് ജമ്മുകശ്മീര്‍ ഭരണക്കൂടം പിന്‍വലിച്ചത്. സര്‍വകക്ഷിയോഗത്തിലടക്കം സുരക്ഷ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. തനിക്ക് സര്‍ക്കാര്‍ സുരക്ഷ വേണ്ടെന്നും കശ്മീര്‍ ജനത സംരക്ഷിക്കുമെന്നും വിഘടനവാദി നേതാവ് അബ്ദുല്‍ഗനി ഭട്ട് പ്രതികരിച്ചു. വിഘടനവാദി നേതാക്കളില്‍ പ്രധാനിയായ സയിദ് അലിഷാ ഗീലാനിയുടെ പേര് സുരക്ഷ പിന്‍വലിച്ചവരുടെ പട്ടികയിലില്ല.
അതേസമയം, പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മസൂദ് അസര്‍, ശബ്ദസന്ദേശം മുഖേന ചാവേറാക്രമണത്തിന് നിര്‍േദശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാക്കിസ്ഥാന്‍റെയും മസൂദ് അസറിന്‍റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും. പ്രത്യാക്രമണം മുന്നില്‍ക്കണ്ട് പാക്കിസ്ഥാനും മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിമേഖലകളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന ഭീകരപരിശീലനക്യാംപുകള്‍ ഒഴിപ്പിച്ചു തുടങ്ങി. ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ വലിയ ആള്‍നാശമാണ് ഭീകരപരിശീലനക്യാംപുകളിലുണ്ടായത്.
Post Your Comments