ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്ഗാനിസ്താനിലെ വിമുക്ത ഭടനും ഐ.ഇ.ഡി. (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വിദഗ്ധനുമായ ജെയ്ഷെ കമാന്‍ഡര്‍ അബ്ദുള്‍ റഷീദ് ഗാസിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ നിര്‍ദേശപ്രകാരം ഗാസി ഡിസംബറില്‍ ഒമ്പതിന് കശ്മീരിലെത്തി ആക്രമണത്തിനുള്ള ഒരുക്കം തുടങ്ങിയെന്നാണ് സൂചന. ഇയാള്‍ മാസാവസാനത്തോടെ പുല്‍വാമയിലെത്തി. പിടിക്കപ്പെടാതിരിക്കാന്‍ നടന്നും പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിച്ചുമായിരുന്നു യാത്ര.
പുല്‍വാമ ആക്രമണത്തെക്കുറിച്ച് ഈ മാസം ഒമ്പതിനു കശ്മീരില്‍ ഒട്ടേറെ ലഘുലേഖകള്‍ വിതരണം ചെയ്തതായി ഏജന്‍സികള്‍ പറയുന്നു.’അതു തീവ്രമായിരിക്കണം, ഇന്ത്യ കരയണം’ എന്നതായിരുന്നു അതിലൊന്നിന്റെ ഉള്ളടക്കം. കശ്മീരിലെത്തിയ ഗാസിക്ക് മസൂദ് അസ്ഹര്‍ അയച്ചതാണ് അവയെന്നാണു വിവരം. ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിലെ അഫ്സല് ഗുരു സംഘത്തിന്റെ പങ്കും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
അസ്ഹറിന്റെ അനന്തരവന്മാരായ തല്‍ഹ, ഉസ്മാന് എന്നിവര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. അവരുടെ മരണത്തിന് പകരം ചോദിക്കുമെന്ന് ജെയ്ഷെ മുഹമ്മദ് പ്രസ്താവന ഇറക്കിയിരുന്നു. 2000-ല്‍ കശ്മീരില്‍ പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ ചാവേര്‍സംഘങ്ങളെ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ജെയ്ഷെ മുഹമ്മദിന്റെ ശൈലി.
Post Your Comments