KeralaLatest News

ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ജനറല്‍ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് താഴെത്തട്ടിലുള്ള ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജില്ലാ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യമുണ്ടാക്കുകയാണ്. പാലിയേറ്റീവ് കെയറും ആരംഭിച്ചു വരുന്നുതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്ക്/ ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്, നവീകരിച്ച എട്ടാം വാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതിലൊന്നാണ് ക്യാന്‍സര്‍ പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായി ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാനുകള്‍ നടത്തി വരികയാണ്. നിലവിലുള്ള ക്യാന്‍സര്‍ സെന്ററുകളെ ശക്തിപ്പെടുത്തുകയും മെഡിക്കല്‍ കോളേജുകളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി നടപ്പിലാക്കുന്നതാണ്.

പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കം കുറിച്ചത്. ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ വളരെയധികം വിജയമായിരുന്നു. എങ്കിലും ഈ വര്‍ഷവും ക്യാമ്പയിന്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, കൗണ്‍സിലര്‍ ആര്‍. സതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി.വി., എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി എല്‍.റ്റി. എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 25, 26 തീയതികളില്‍ മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചൈല്‍ഡ് ഹെല്‍ത്ത് സമിറ്റ് കേരള 2019ന്റെ വെബ്‌സൈറ്റ് പ്രകാശനവും ഇതോടൊപ്പം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. (www.chsummitkerala.in)

പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് അടിയന്തര സേവനം എന്ന നിലയിലാണ് സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു. ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. 8 കിടക്കകളാണ് ഈ ഐ.സി.യു.വിലുള്ളത്.

ആര്‍.സി.സി., മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളില്‍ നിന്ന് കീമോതെറാപ്പി കഴിഞ്ഞ് തുടര്‍ ചികിത്സക്കായി ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്ക് ഡേ കെയര്‍ പരിരക്ഷ നല്‍കാനായാണ് ക്യാന്‍സര്‍ കെയര്‍, കീമോതെറാപ്പി വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ക്യാന്‍സര്‍ അനുബന്ധ ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവ കഴിഞ്ഞ രോഗികള്‍ക്കുള്ള ചികിത്സ, മെഡിക്കല്‍ ക്യാമ്പുകള്‍, ക്യാന്‍സര്‍ നിര്‍ണയം, മാമോഗ്രാം, എഫ്.എന്‍.എ.സി. എന്നീ സേവനങ്ങളും ഈ വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button