മുളന്തുരുത്തി: യാത്രക്കാരുണ്ടായിട്ടും വരുമാനം കുറഞ്ഞെന്ന കാരണം പറഞ്ഞ് കാഞ്ഞിരമറ്റം, കുരീക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റെയില്‍വേ താഴിടുന്നു. ദേശീയ തീര്‍ഥാടനകേന്ദ്രങ്ങളായ കാഞ്ഞിരമറ്റം പള്ളിയും ചോറ്റാനിക്കര ദേവീക്ഷേത്രവും ഈ സ്റ്റേഷനുകളുടെ വിളിപ്പാടകലെയായിട്ടും നഷ്ടക്കണക്ക് പറഞ്ഞ് സ്റ്റേഷനുകള്‍ ഇല്ലാതാക്കുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതായി റെയില്‍വെ സ്ഥിരീകരിച്ചു.
ദിവസേന ആയിരത്തോളം യാത്രക്കാരെത്തുന്ന കാഞ്ഞിരമറ്റം സ്റ്റേഷന് താഴുവീഴുന്നത് റെയില്‍വേയുടെതന്നെ പിടിപ്പുകേടുകൊണ്ടാണ്. വരുമാനം കുറവാണെന്ന കാരണത്താല്‍ രണ്ടുവര്‍ഷംമുമ്പ് കാഞ്ഞിരമറ്റം ഹാള്‍ട്ട് സ്റ്റേഷനാക്കിയിരുന്നു. അതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാത്രമായി സ്റ്റോപ്പ്. മുമ്പ് രണ്ട് സ്റ്റേഷന് മാസ്റ്റര്മാരുണ്ടായിരുന്ന ഇവിടെ അതോടെ ജീവനക്കാരെയും പിന്‍വലിച്ചു. ടിക്കറ്റ് വില്‍പ്പന കരാറുകാരന് നല്കി. ടിക്കറ്റ് വില്‍പ്പനയിലെ വരുമാനംമാത്രം റെയില്‍വേക്ക് നല്കുന്ന സ്റ്റേഷനായി മാറി.
ടിക്കറ്റ് വില്‍പ്പന ഗണ്യമായി കുറഞ്ഞതിനാല്‍, ഏപ്രിലില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കാന്‍ കരാറുകാരന് തയ്യാറാകില്ല എന്നാണ് സൂചന. പ്രതീക്ഷിച്ച വരുമാനം ടിക്കറ്റ് വില്‍പ്പനയില്‍നിന്ന് ലഭിക്കാത്തതാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമെന്ന് പറയുന്നു. ഹാള്‍ട്ട് സ്റ്റേഷനാക്കിയ ആദ്യദിവസങ്ങളില്‍ പതിനായിരം രൂപയുടെവരെ ടിക്കറ്റ് വിറ്റിരുന്നത് ഇപ്പോള്‍ 3000 മുതല്‍ 4000 വരെയായി.
Post Your Comments