ന്യൂഡൽഹി: വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക പുറത്തിറക്കിയതിൽ കേരളത്തിന്റെ സ്ഥാനം ഏറെ പിന്നിലായി. ആദ്യ 100 റാങ്കിനുള്ളിൽ കേരളത്തിൽ നിന്ന് ഒരു സ്റ്റേഷനും ഇടംപിടിച്ചില്ല. കേരളത്തിലെ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ മേഖല റാങ്കിൽ പിന്നിൽ പോവുകയും ചെയ്തു. കഴിഞ്ഞവർഷം ഏഴാം സ്ഥാനത്തായിരുന്ന ദക്ഷിണ റെയിൽവേ ഇക്കുറി 12–ാം സ്ഥാനത്താണ്.
നോൺ സബർബൻ സ്റ്റേഷനുകളുടെ വിഭാഗത്തിൽ, രാജസ്ഥാനത്തിലെ ജയ്പുർ റെയിൽവേ സ്റ്റേഷനാണ് വൃത്തിയിൽ ഒന്നാമത്. രാജസ്ഥാനിലെ തന്നെ ജോധ്പുർ രണ്ടാം സ്ഥാനത്തും ദുർഗാപുര മൂന്നാം സ്ഥാനത്തുമെത്തി. സബർബൻ സ്റ്റേഷനുകളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയിലെ അന്ധേരിയാണ് ഒന്നാം സ്ഥാനത്ത്. വടക്കുപടിഞ്ഞാറൻ റെയിൽവേയാണ് സോണുകളിൽ ഒന്നാമത്. നേരിട്ടു നടത്തിയ പരിശോധനയ്ക്കു പുറമേ, യാത്രക്കാരുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേയെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
വൃത്തിയുടെ കാര്യത്തിൽ കോഴിക്കോടാണ് കേരളത്തിൽ ഒന്നാമത്, റാങ്ക് 125. വടകര (164), തിരുവനന്തപുരം (174), കാഞ്ഞങ്ങാട് (224), കാസർകോട് (265), തലശേരി (279), ചങ്ങനാശേരി (299), കണ്ണൂർ (326), കായംകുളം (334), കൊല്ലം (345), തൃശൂർ (352), ആലുവ (406), ഷൊർണൂർ (429), പയ്യന്നൂർ (431), എറണാകുളം ടൗൺ (438), തിരുവല്ല (450), അങ്കമാലി (452), കൊച്ചുവേളി (440), കോട്ടയം (468), വർക്കല (477), കുറ്റിപ്പുറം (480), ചെങ്ങന്നൂർ (478) എന്നിവയും സബർബൻ ഇതര സ്റ്റേഷനുകളുടെ റാങ്കിങ്ങിൽ ആദ്യ 500നുള്ളിൽ എത്തി.
ദക്ഷിണ റെയിൽവേക്കു കീഴിലുള്ള സ്റ്റേഷനുകളിൽ നോൺ സബർബൻ ഗ്രൂപ്പ് 2 (എൻഎസ്ജി) വിഭാഗത്തിൽ കോഴിക്കോടാണ് ഒന്നാമത്. തിരുവനന്തപുരം സെൻട്രലിന് രണ്ടാം റാങ്ക്. കോയമ്പത്തൂർ, മധുര സ്റ്റേഷനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. തൃശൂർ അഞ്ചാമത്. എൻഎസ്ജി 1 വിഭാഗത്തിൽ ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മൂർ, താംബരം എന്നിവയ്ക്കാണ് ഒന്നു മുതൽ മൂന്നു വരെ റാങ്കുകൾ. എൻഎസ്ജി 4 വിഭാഗത്തിൽ കാഞ്ഞങ്ങാട് സ്റ്റേഷനു രണ്ടാം റാങ്കുണ്ട്.
Post Your Comments