ചെന്നൈ: ജാതി വിവേചനം ശക്തമായി നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ നിന്ന് ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി യുവതി. എം എം സ്നേഹ എന്ന യുവതിയാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ജാതിയും മതവുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ഒരാള്‍ കൈപ്പറ്റുന്നത്.
ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്താന്‍ ഒരമ്മ നടത്തിയ നിയമപോരാട്ടം വിജയം കണ്ടത് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ്. വില്ലേജ് ഓഫിസില്‍ നിന്ന് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം ജാതിയും മതവുമില്ലെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ നീണ്ട ഒന്‍പത് വര്‍ഷമാണ് അഭിഭാഷക കൂടിയായ സ്നേഹ പോരാടിയത്.
ജനന സര്‍ട്ടിഫിക്കറ്റിലും, സ്കൂളില്‍ ചേര്ത്തപ്പൊഴും ജാതി മത കോളങ്ങള്‍ ഒഴിച്ചിട്ട രക്ഷിതാക്കള്‍ സ്നഹയ്ക്ക് ചെറുപ്പത്തിലെ നല്ല പാഠങ്ങള്‍ നല്കി. പിന്നീടവള്‍ പഠിച്ച് വളര്‍ന്നത് ജാതിയും മതവുമില്ലാത്ത സ്വപ്നങ്ങളുമായാണ്. തമിഴ്നാട്ടിലിന്നും ജാതിവിവേചനം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അങ്ങനൊരു മണ്ണില്‍ ചവിട്ടിനിന്നാണ് അഭിഭാഷക കൂടിയായ എം.എ.സ്നേഹ ചരിത്ര നേട്ടത്തിന് അര്‍ഹയായത്.
മൂന്ന് മക്കള്‍ക്കും ജാതിയും മതവും രേഖപ്പെടുത്തിയില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട പല കര്യങ്ങള്‍ക്കും ജാതി മത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മക്കള്‍ക്ക് ഭാവിയില്‍ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമോ എന്ന ആശങ്കയ്ക്ക് കൂടിയാണ് സ്നേഹ വിരാമമിട്ടത്.
Post Your Comments