Latest NewsKerala

‘ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെ’! : പരോളിലിറങ്ങിയ കൊടിസുനി അറസ്റ്റിലായ വാര്‍ത്തയെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ

കൊച്ചി : ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മറ്റൊരു കേസില്‍ കൊടിസുനി അറസ്റ്റിലായതിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബല്‍റാം പരിഹാസവുമായി രംഗത്തെത്തിയത്. ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെയെന്നായിരുന്നു ബല്‍റാമിന്റെ ഈ വാര്‍ത്തയെ കുറിച്ചുള്ള പ്രതികരണം.

ഇതുപോലുള്ള വാര്‍ത്തകളെ നിസ്സംഗതയോട് കൂടി സമീപിക്കുന്ന ഒരു സാമൂഹിക മാനസികാവസ്ഥയാണ് കേരളത്തില്‍ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ അടിമകളായ ബുദ്ധിജീവി വൃന്ദവും ചേര്‍ന്ന് സൃഷ്ടിച്ചു വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. നിഷ്ഠൂരമായ ഒരു കൊലപാതകക്കേസില്‍ ശിക്ഷ നേരിടുന്ന കൊടും കുറ്റവാളി പരോളിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതേ കേസിലെ മറ്റ് കുറ്റവാളികള്‍ക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം സര്‍ക്കാര്‍ സുഖവാസ പരോളുകള്‍ ആവര്‍ത്തിച്ച് നല്‍കുന്നു. ഇതിനൊക്കെ വേണ്ടി ഒരു ഉളുപ്പുമില്ലാതെ അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ വലിയ നവോത്ഥാന നായകരായി വാഴ്ത്തപ്പെടുന്നു.-വി.ടി.ബല്‍റാം കുറിച്ചു.

പരോളിലായിരിക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് സുനിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുകയായിരുന്നു. യുവാവിന്റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. മറ്റ് മൂന്ന് പേര്‍ കൂടി ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബര്‍ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായി. യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. ഇവരുടെ ഉമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റ് ചെയ്ത സുനിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്, കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സുനിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കി.

https://www.facebook.com/photo.php?fbid=10156425910844139&set=a.10150384522089139&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button