KeralaLatest News

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം : അന്വേഷണം എവിടെയുമെത്തിയില്ല കേസ് അവസാനിപ്പിക്കുന്നു

കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ച കേസിലെ അന്വേഷണം എങ്ങുമെത്തിയില്ല. ഈ കേസില്‍ തത്ക്കാലം കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

സംഭവം കഴിഞ്ഞു നാലു മാസമായി. എന്നിട്ടും ഇതുവരെ ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കഴിയാത്തതു സിറ്റി പൊലീസിനു വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. . പ്രതികളെക്കുറിച്ചു സൂചനയൊന്നുമില്ല അന്വേഷണം പുരോഗമിക്കുന്നു എന്നാണ് ഇവര്‍ എപ്പോഴും ആവര്‍ത്തിച്ചു പറയുന്നത്. അതേസമയം ഇതുവരെ ആശ്രമത്തില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ ഭാഗങ്ങളിലെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ സന്ദേശങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു. ഫൊറന്‍സിക് സംഘവും വിശദ പരിശോധന നടത്തി. മുപ്പതിലേറെപ്പേരെ ചോദ്യം ചെയ്തു.

ഒക്ടോബര്‍ അവസാനം പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ സാലഗ്രാമം ആശ്രമത്തിനു നേരെ ആക്രമണം നടന്നത്. 2 കാറുകളും സ്‌കൂട്ടറും തീയിട്ടു നശിപ്പിച്ചു. ഇതിനടുത്തു റീത്തും വച്ചിരുന്നു. അപ്പോള്‍ ആശ്രമത്തില്‍ സ്വാമി സന്ദീപാനന്ദഗിരി ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താന്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമമാണെന്നു സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു.

എന്നാല്‍ ശബരിമല യുവതീ പ്രവേശത്തിന് അനുകൂല നിലപാടു സ്വീകരിച്ച വ്യക്തിയാണ് ഇദ്ദേഹം. അതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആശ്രമത്തിലേക്കു മാര്‍ച്ച് നടത്തിയതു പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. അന്നു സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും അക്രമത്തെ അപലപിച്ചതോടെ ശക്തമായ അന്വേഷണമാണു പൊലീസ് ആദ്യ ദിനങ്ങളില്‍ നടത്തിയത്. അക്രമത്തില്‍ ഒരു കോടി രൂപയുടെ നിഷ്ടം ഉണ്ടായെന്നാണു പൊലീസ് വിലയിരുത്തിയത്.

ആദ്യം പൂജപ്പുര പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറെ ഏല്‍പ്പിച്ചു. സംഭവദിവസം കസ്റ്റഡിയില്‍ എടുത്ത ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനെയും മകനെയും ഇതുമായി ബന്ധമില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചിരുന്നു.

തീ കത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ച പെണ്‍കുട്ടി, മഫ്തിയില്‍ വന്ന അഗ്നിശമന സേനയിലെ ജീവനക്കാരന്‍, അഗ്നിശമന സേനയെ വിവരമറിച്ച അയല്‍ക്കാരന്‍ എന്നിവര്‍ക്കൊന്നും ഇതുമായി ബന്ധമില്ലെന്നു കണ്ടെത്തി. ഇതോടെ കേസിന് ഒരു തുമ്പ് കിട്ടാതായതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തയ്യാറാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button