കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലാ അഡീഷനൽ സെഷൻസ് നാലാം കോടതിയിൽ പ്രാഥമിക വാദം ആരംഭിച്ചു.കെവിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കെവിൻ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കൊല ചെയ്‌തത്. കെവിൻ മുങ്ങി മരിച്ചതാവില്ല, മുക്കിക്കൊന്നതാവുമെന്ന് സാഹചര്യത്തെളിവുകൾ തെളിയിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നീന്തൽ അറിയാവുന്ന കെവിൻ ചാലിയക്കരയിലെ പുഴയിൽ അരയറ്റം വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യതയില്ല. കാറിൽ നിന്നിറങ്ങി ഓടിയ കെവിനെ പിന്തുടർന്ന പ്രതികൾ കെവിൻ മരിക്കുന്നതു വരെ കാത്തുനിന്നുവെന്നതിനു തെളിവുണ്ട്.
കെവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൊലപാതക തുല്യമായ മുങ്ങിമരണം എന്നാണ് കണ്ടത്. നീനുവിന്റെ സഹോദരൻ സാനു അയൽവാസി ലിജോയ്ക്ക് അയച്ച സന്ദേശത്തിൽ ‘അവനെ (കെവിനെ) കൊല്ലാം. ഞാൻ ചെയ്തോളം’ എന്നുണ്ട്. ‘കെവിൻ തീർന്നു’ എന്നു സാനു പിന്നീട് ലിജോയ്ക്ക് സന്ദേശം അയച്ചു. ഇതെല്ലാം കൊലപാതകത്തിലേക്കുള്ള കൃത്യമായ തെളിവുകളാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Post Your Comments