മാട്ടൂല്‍: മാട്ടൂലുകാരുടെ കടവ് യാത്രാദുരിതത്തിന് അറുതിയാകുന്നു. മാട്ടൂല്‍– -അഴീക്കല്‍ റൂട്ട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് അറുതിയാകുന്നത്. ജലഗതാഗത വകുപ്പ് നേരിട്ടാണ് ഈ റൂട്ടില്‍ ഇനി ബോട്ട് സര്‍വീസ് നടത്തുക. ടി വി രാജേഷ് എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്നാണ് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ദിവസവും 20 മിനുട്ട് ഇടവേളകളില്‍ ബോട്ട് സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. രാവിലെ 5.45ന് അഴീക്കലില്നിന്നാരംഭിച്ച് ഇരുകരകളിലേക്കുമായി 45 സര്‍വീസ് നടത്തും. ബോട്ട് സര്‍വീസ് 18ന് വൈകീട്ട് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
ഒരു വര്‍ഷത്തോളമായി ഈ റൂട്ടിലെ ബോട്ട് സര്‍വീസ് നിലച്ചിട്ട്. സിപിഐ എം മാട്ടൂല്‍ ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്ഐയുംമഹിളാ അസോസിയേഷനും കനല് സാംസ്കാരിക വേദിയുമടക്കം നിരവധി സംഘടനകള്‍ ഇത് സംബന്ധിച്ച് മന്ത്രിക്കും ടി വി രാജേഷ് എംഎല്‍എക്കും നിവേദനം നല്‍കിയിരുന്നു.
മാട്ടൂല്‍ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന കടത്ത് സര്‍വീസ് നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായി ഇടപെട്ട് സര്‍ക്കാര്‍ ബോട്ട് ഓടിക്കാന്‍ തയ്യാറാകാതെ സ്വകാര്യ വ്യക്തിക്ക് കടത്ത് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു പഞ്ചായത്ത് അധികൃതര്‍.
Post Your Comments