KeralaLatest News

കെ.എസ്.ആര്‍.ടി.സിയുടെ പാതയിലൂടെയല്ല കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സഞ്ചരിക്കുന്നത്; തോമസ് ഐസക്

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

തിരുവനന്തപുരം: വൈക്കത്ത് നിന്നും എറണാകുളം വരെ ജലമാര്‍ഗം അതിവേഗത്തില്‍ സഞ്ചരിക്കുന്ന വേഗ ബോട്ട് സർവീസിനെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസ്സില്‍ രണ്ടു മണിക്കൂര്‍ എടുക്കും . ഞായറാഴ്ച സര്‍വീസ് ആരംഭിച്ച അതിവേഗ ബോട്ട് സര്‍വീസിന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതി. ബസ്സിനു 42 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് . ബോട്ടിന് 40 രൂപ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസ്സില്‍ രണ്ടു മണിക്കൂര്‍ എടുക്കും . ഞായറാഴ്ച സര്‍വീസ് ആരംഭിച്ച അതിവേഗ ബോട്ട് സര്‍വീസിന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതി. ബസ്സിനു 42 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് . ബോട്ടിന് 40 രൂപ മതി . 80 രൂപ മുടക്കാന്‍ തയ്യാര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ കുഷ്യന്‍ സീറ്റുകളില്‍ ഇരുന്നു യാത്ര ചെയ്യാം. ബോട്ടില്‍ സ്നാക്ക് ബാര്‍ ഉണ്ട് . ബയോ ടോയ്ലെററ് ഉണ്ട്. ബസ്സിന്‍റെ കുലക്കവും ഇല്ല പുകയും ഇല്ല . നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും? ബസ്സോ ബോട്ടോ ? ഞാന്‍ ഏതായാലും ചാന്‍സ് കിട്ടിയാല്‍ ബോട്ടിലെ പോകൂ. സ്വസ്ഥമായിരുന്ന് പുസ്തകവും വായിക്കാം. ഇത് പോലെ ആലപ്പുഴ നിന്ന് കോട്ടയത്തേക്കും ബസ്സിനെക്കാള്‍ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് ബോട്ടില്‍ എത്താം. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത അതിവേഗ ബോട്ട് സര്‍വ്വീസ് വേഗ-120 ല്‍ 120 പേര്‍ക്ക് യാത്ര ചെയ്യാം . മൂന്ന് ബസ്സില്‍ ഇരുന്നു യാത്ര ചെയ്യാവുന്നത്ര ആളുകള്‍ . പക്ഷെ ഒരു ബസ്സിന്‍റെ ഡീസല്‍ മതി. അത്രയ്ക്ക് മലിനീകരണം കുറയും. ഏതു യാത്രയാണ് പരിസ്ഥിതിക്ക് അനുയോജ്യം .
പതുക്കെ പതുക്കെയാണെങ്കിലും കേരള ജലഗതാഗതത്തില്‍ മാറ്റങ്ങള്‍ വരികയാണ്. ഉടന്‍ ഉണ്ടാവാന്‍ പോകുന്ന വിപ്ലവകരമായ മാറ്റം കൊച്ചി കേന്ദ്രീകരിച്ചുള്ള കൊച്ചി മെട്രോ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജെക്റ്റ്‌ ആണ്. ഇത് കൊച്ചി നഗരത്തിലെ റോഡ്‌ ഗതാഗത നിരക്ക് ഗണ്യമായി കുറയ്ക്കും എന്നതില്‍ സംശയമില്ല. ആലപ്പുഴ കേന്ദ്രീകരിച്ചും ഇത്തരമൊരു ആധുനീക സംവിധാനം തയ്യാറായി വരുന്നു .

ഒരു കാലത്ത് കേരളത്തിലെ 95 ശതമാനം യാത്രയും ചരക്കു ഗതാഗതവും ജലമാര്‍ഗ്ഗം ആയിരുന്നു . ഇപ്പോള്‍ അതിന്റെ വിഹിതം 5 ശതമാനത്തില്‍ താഴെയാണ് . ഇത് 20 ശതമാനം എങ്കിലും ആക്കിയാല്‍ റോഡിലെ തിരക്കിന് വലിയ ശമനമുണ്ടാകും, പക്ഷെ പറയുന്നത് പോലെ അത്ര എളുപ്പമല്ല. ജലപാതയ്ക്ക് ആഴം കൂട്ടണം . പല പാലങ്ങളും പൊളിച്ചു ഉയരം കൂട്ടണം . ജെട്ടികള്‍ നവീകരിക്കണം . കൊച്ചു ക്രെയിനുകള്‍ സ്ഥാപിക്കേണ്ടി വരും . വേണ്ടി വന്നാല്‍ കണ്ടെയിനര്‍ ട്രാഫിക്ക് ഇത് വഴിയാക്കണം. ഇതിനാണ് സിയാല്‍ മോഡലില്‍ പുതിയ കമ്പനി ഉണ്ടാക്കിയിട്ടുള്ളത് .

ഏതായാലും എനിക്ക് സന്തോഷം തോന്നി കെ എസ് ആര്‍ ടി സി യുടെ പാതയിലൂടെയല്ല കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സഞ്ചരിക്കുന്നത്. സ്വയം നവീകരിക്കാനും കാര്യക്ഷമത കൂട്ടാനും വരുമാനം വര്‍ദ്ധിപ്പിക്കാനും മാനേജ്മെന്റില്‍ നിന്നും ജീവനക്കാരില്‍ നിന്നും വലിയ ശ്രമം ഉണ്ടാവുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button