ഷാനിത സുരേന്ദ്രന്‍
പ്രണയത്തിന് അടിസ്ഥാനമെന്തെന്ന് കൃത്യമായ നിര്‍വചനങ്ങളൊന്നുമില്ലെങ്കിലും ചില പ്രത്യേകതകളാല്‍ അത് സത്യമാണെന്ന് ഭാരതവും വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിലൂടെ നിര്‍വ്വാണം എന്നത് താന്ത്രിക് ബുദ്ധിസത്തിന്റെ അടിസ്ഥാനമായതും. പ്രണയം എന്നത് വളരെ വിശാലമായ അര്‍ത്ഥത്തിലുള്ള ഒന്നാണ്. പ്രകൃതിയോടുള്ള പ്രണയം, ഭൂമിയോടുള്ള പ്രണയം, കര്‍മ്മങ്ങളോടുള്ള പ്രണയം എന്നിങ്ങനെ എല്ലാ അര്‍ത്ഥതലങ്ങളിലും പ്രണയം സന്നിവേശിക്കപ്പെട്ടിരിക്കുന്നു. പ്രണയം നമ്മെ ധ്യാനാത്മകമായ ഒരു തലത്തിലേക്ക് എത്തിക്കും. അങ്ങനെ ഒരു തലത്തിലേക്ക് എത്താന്‍ സാധിക്കുന്നുവൈങ്കില്‍ അതാണ് മുക്തിയെന്നാണ് താന്ത്രിക് ബുദ്ധിസം എന്ന തത്വസംഹിതയുടെ കാതല്‍.
‘ ശിവപാര്‍വതി മാരുടെ പ്രണയവും കൃഷ്ണന്റെയും രാധയുടെയും പ്രണയവും വളരെ ഉദാത്തമാണ്. ഓരോരുത്തരും മാതൃകയാക്കേണ്ട അതീന്ദ്രിയ തലമാണ് അതിനുള്ളത്. ഓരോരോ ജന്മങ്ങളിലും പരസ്പരം കണ്ടുമുട്ടാന്‍ കാത്തിരിക്കുന്നവര്‍.. എല്ലാ ജീവജാലങ്ങള്‍ക്കിടയിലും പ്രണയമുണ്ട് അതിനുദാഹരണമാണ് സംസ്ഥാന പക്ഷിയായ വേഴാമ്പല്‍, ഇണയെനഷ്ടപ്പെട്ടാല്‍ അത് മറ്റൊന്നിനെ ഒരിക്കലും സ്വീകരിക്കുന്നില്ല അതുപോലെ ചിലയിനം കൊക്കുകള്‍, പൂമ്പാറ്റകള്‍ അങ്ങനെ പ്രകൃതിയിലെ പലതും. ആധുനികകാലത്ത് താജ് മഹലാണ് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രണയസ്മാരകം. അങ്ങനെ ഒരുപാടുണ്ട് ഉദാഹരണങ്ങള്‍. പ്രണയത്തിന് പ്രായപരിധികളൊന്നുമില്ല അതൊരു ശാന്തമായ ലഹരിയാണ് അതിനു നെഞ്ചിലെ മിടിപ്പിന്റെ താളമുണ്ട്. ആശ്രയമുണ്ട്. വിശ്വാസമുണ്ട്, സ്റ്റേഹവും, കരുണയും കാമവുമുണ്ട്. ഹൃദയത്തില്‍ പ്രണയത്തിന്റെ തിരി തെളിഞ്ഞ നാള്‍ മുതല്‍ അവസാന ശ്വാസം വരെ അണയാതെ സൂക്ഷിക്കാന്‍ സ്റ്റേഹവും കരുതലും സുരക്ഷയും കൂടെ ചേര്‍ത്താല്‍ മതിയെന്ന് പ്രണയത്തെ കൂടുതല്‍ അറിഞ്ഞവര്‍ പറയുന്നു.
പ്രണയത്തിനു വേണ്ടി ജീവന്‍ കളഞ്ഞ ഒരു പുരോഹിതനാണ് വാലന്റൈന്‍” ഇദ്ദേഹത്തിന്റെ സ്റ്റേഹസ്മരണക്കാണ് വാലന്റൈന്‍സ് ഡേ അല്ലെങ്കില്‍ പ്രണയദിനം എന്നു പറയുന്നത് , പക്ഷേ ആ പാവം പാതിരിയെ നാണിപ്പിക്കുന്ന വിധമാണ് ഇപ്പോഴത്തെ തലമുറയുടെ പ്രണയ കോലാഹലങ്ങള്‍. ആധുനികപ്രണയങ്ങള്‍ യഥാര്‍ത്ഥ പ്രണയസങ്കല്‍പ്പങ്ങളെ നിരാകരിക്കുന്നതോ തള്ളിക്കളയുന്നതോ ആണ്. അങ്ങനെ ഒരു തലമുറയാണ് വളര്‍ന്നു വരുന്നത് , ഒരു വര്‍ഷത്തിലെ 364 ദിവസവും മറക്കപ്പെടുമെങ്കില്‍ ഫെബ്രുവരി പതിന്നാല് അവര്‍ ഓര്‍ത്തുവയ്ക്കും. ലാളിച്ചു വളര്‍ത്തിയ സ്വന്തം അച്ചനമ്മമാരെക്കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ ചുവടുപിടിച്ചു പ്രണയദിനം യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായ് മാറിയിരിക്കുന്നു ‘പ്രണയം വിശുദ്ധമാണ് പവിത്രമാണ് എന്നൊക്കെ സാഹിത്യകാരന്മാര്‍ പറഞ്ഞും പാടിയും വച്ചിരിക്കുന്നതാണെന്നാണ് പുതിയ തലമുറവിശ്വസിച്ചിരിക്കുന്നത്. പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരു പാട് ഭാവഭേദങ്ങള്‍ വന്നു കഴിഞ്ഞു’
പ്രണയനൈരാശ്യത്താല്‍ ഇപ്പോള്‍ ഇവിടെ ഒരാള്‍ക്കും ഒന്നും സംഭവിക്കുന്നില്ല. ഇന്നത്തെ തലമുറക്ക് പ്രണയവും അടിച്ചു പൊളിയുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറ്റുന്നത് പോലെ മാറ്റാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയബന്ധങ്ങളും അധ:പതിച്ചു. സ്വപ്നങ്ങളും. ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേ മലേഖനങ്ങളുടെ സ്ഥാനം അശ്ലീലസന്ദേശങ്ങള്‍ക്കും വീഡിയോ കോളുകള്‍ക്കും വഴിമാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അറപ്പുളവാക്കുമെന്ന് ഈ തലമുറ അറിയുന്നില്ല കൗമാര മനസുകളെ വഴിതെറ്റിക്കുന്ന ഒരു ചതിക്കുഴിമാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിനു പിറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം പ്രകടമായി കാണാം.
പ്രണയം ആത്മാര്‍ത്ഥമാണോ എന്ന് തിരിച്ചറിയാന്‍ ഇന്ന് വലിയ ബുദ്ധിമുട്ടാണ്. നിമിഷനേരം കൊണ്ട് അടുക്കുകയും അകലുകയും ചെയ്യുന്ന പ്രണയിതാക്കളാണ് നമുക്ക് മുന്നില്‍. അത് വെറും ടൈം പാസ് മാത്രമായി പലപ്പോഴും മാറുന്നു. നേരില്‍ കാണാതെ പരസ്പരം അറിയാതെ സോഷ്യല്‍മീഡിയകളിലൂടെ ആരൊക്കെയോ പ്രണയിക്കുന്നു. ഒടുവില്‍ ബ്ലോക്കിലൂടെയോ ഒഴിവാക്കലിലൂടെയോ അകലുന്നു. ചിലര്‍ പ്രണയത്തിന്റെ പേരില്‍ ഒരുപാട് തെറ്റുകളും ചെയ്യുന്നു, മറ്റ് ചിലര്‍ വഞ്ചിക്കപ്പെട്ട് മരണത്തിലേക്ക് പോകുന്നു. പ്രണയം എക്കാലവും സത്യമാകണമെങ്കില്‍ അത് ആത്മാര്‍ത്ഥ പ്രണയമാകണം, അത് പരസ്പര വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെട്ടാല്‍ പ്രണയം അവിടെ അസ്തമിക്കും. അതുകൊണ്ട് ആദ്യം വിശ്വസിക്കാന്‍ പഠിക്കാം പിന്നെ പ്രണയിക്കാം….
Post Your Comments