‘രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദിനപത്രം ഇങ്ങനെ കള്ളക്കഥകൾ പടച്ചുവിടണോ’. ‘ഹിന്ദു ‘- വിലെ എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണുമ്പൊൾ കോരിത്തരിച്ചിരുന്ന കാലഘട്ടമുണ്ട്….. അവരാണിപ്പോൾ നട്ടാൽ മുളക്കാത്ത കള്ള കഥകൾ പ്രചരിപ്പിക്കുന്നത്; അതും വന്ദ്യ വയോധികൻ എന്ന് വിളിക്കാമോ ആവോ, മുതിർന്ന മാധ്യമ പ്രവർത്തകൻ ആയ എൻ റാം തന്നെ. കഴിഞ്ഞ മൂന്ന് ദിവസം അവർ ഇത്തരം ‘എക്സ്ക്ലൂസീവു’കൾ കൊണ്ടുവന്നു; അതെല്ലാം റഫാൽ വിമാന ഇടപാടിനെച്ചൊല്ലി. നരേന്ദ്ര മോഡി സർക്കാരിനെ അപമാനിക്കാൻ അവസരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്; അതാണിവിടെ ഇവിടെ തകർന്നുവീഴുന്നത്. അതിനൊപ്പം തരിപ്പണമാവുന്നത് ഒരു പത്രത്തിന്റെ വിശ്വാസ്യതയും. സിഎജി റിപ്പോർട്ട് കൂടി ഇന്ന് പുറത്തുവന്നതോടെ കള്ളക്കഥയുമായി ഇറങ്ങിയവർ നാണം കെടുകതന്നെ ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അവർ കൊണ്ടുവന്ന കഥകൾ പൊളിഞ്ഞത്രാജ്യം കണ്ടതാണ് . ഇന്നിപ്പോൾ മറ്റൊന്നുമായാണ് ആ പത്രം രംഗത്ത് വന്നത്. ഏതാണ്ട് ഒന്നര പേജ് അതിനായി നീക്കിവെച്ചു. ചില ‘ഔദ്യോഗിക കടലാസുകൾ ‘ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതാണിപ്പോൾ മറ്റൊരു വലിയ നാണക്കേട് മുത്തശ്ശി പത്രത്തിന് സമ്മാനിച്ചത്. ഇതുപോലെ ഒരു പത്രത്തിനും തുടർച്ചയായി അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവുമോ ആവോ; മാധ്യമ ചരിത്രത്തിൽ ഉണ്ടെങ്കിൽ തന്നെ വളരെ കുറവായിരിക്കും. അത്തരമൊരു റെക്കോർഡ് കൂടി ‘ഹിന്ദു’ പത്രം ഉണ്ടാക്കുന്നു എന്നർത്ഥം.
ഇന്ന് അവർ പ്രസിദ്ധീകരിച്ചത് റഫാൽ സംബന്ധിച്ച് രൂപം കൊടുത്തിരുന്ന ഇന്ത്യയുടെ കൂടിയാലോചന സമിതി ( Indian Negotiation Team, INT) യിലെ മൂന്ന് പേര് തയ്യാറാക്കിയ ഒരു കുറിപ്പാണ്. അത് ശരിയാണ്, അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ട്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഒരു കൂടിയാലോചനാ സമിതി ഉണ്ടാവുമ്പോൾ അവർ എല്ലാവശവും കണക്കിലെടുക്കും; ഓരോ വിഷയവും ഓരോ സംഘങ്ങളായി പഠിക്കും . അവർ കുറിപ്പുകൾ തയ്യാറാക്കും; അതൊക്കെ ആ സമിതിയുടെ ചെയര്മാന് സമർപ്പിക്കും. ഇതുപോലെ വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുമ്പോൾ അവർക്ക് ഒരു തീരുമാനം സുഗമമായി എടുക്കാനാവും. കുറിപ്പുകൾ പരിഗണിക്കുന്നതും പരിശോധിക്കുന്നതും ഇത്തരത്തിൽ വിവിധ കോണുകളിൽ നിന്ന് അതിനെ വിലയിരുത്തിയവർ എല്ലാം ചേർന്നാണ്, അതായത് ഐഎൻടി ഒന്നിച്ചിരുന്ന്. അവരൊക്കെ പറയുന്നതിന് വിരുദ്ധമായിട്ടോ അനുകൂലമായിട്ടോ വ്യത്യസ്‍തമായിട്ടോ വേറെയും അഭിപ്രായങ്ങൾ അവിടെ വന്നിട്ടുണ്ടാകും. അതൊക്കെ അവർ ഒന്നിച്ചിരുന്ന് വിലയിരുത്തും എന്നർത്ഥം. അതാണ് ഇത്തരത്തിലുള്ള സമിതികൾ ചെയ്യാറുള്ളത്. അങ്ങിനെ തയ്യാറാക്കിയ ഒരു കുറിപ്പാണ് ഇപ്പോൾ വലിയ എന്തോ കണ്ടെത്തൽ എന്ന മട്ടിൽ ‘ഹിന്ദു’ പുറത്തുവിട്ടത്.
ഐഎൻടി അത് പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഈ പറയുന്ന നിർദ്ദേശങ്ങൾ അവിടെ ഉയർന്നുവെന്നും എന്നാൽ ഇന്നതാണ് തീരുമാനം എന്നും അവർ റിപ്പോർട്ടിൽ പറയും. അതാണ് ഇപ്പോൾ റഫാലിന്റെ കാര്യത്തിലും സംഭവിച്ചത്. അവരുടെ റിപ്പോർട്ട് ഏകകണ്ഠമായിരുന്നു എന്നും അതിൽ ആരും അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടില്ലെന്നും ഐഎൻടി-യുടെ അധ്യക്ഷനായിരുന്ന എയർ മാർഷൽ ആർകെഎസ് ബദൗറിയ വ്യക്തമാക്കിക്കഴിഞ്ഞു. അത് പറയാൻ ഏറ്റവും അര്ഹതയുള്ളതും അദ്ദേഹത്തിനാണല്ലോ. ‘ അതൊക്കെ ഉണ്ടായിട്ടുണ്ട്; ആ നിരീക്ഷണങ്ങൾ സമിതിയിലെ അംഗങ്ങൾ എനിക്ക് നൽകിയ കുറിപ്പ് ആണ്. അല്ലാതെ അത് എതിരഭിപ്രായമല്ല . അതൊക്കെ ഐഎൻടി യോഗം ചർച്ചചെയ്തിരുന്നു. അതിനൊക്കെ ശേഷമാണ് ഏകകണ്ഠമായ റിപ്പോർട്ട് തയ്യാറാക്കിയത്. ആ റിപ്പോർട്ടിന്റെ മുഖവുരയിൽ ഇതൊക്കെ സൂചിപ്പിച്ചിട്ടുമുണ്ട്. അവിടെ ഉയർന്ന വിവിധ നിർദ്ദേശങ്ങൾ വിമാനം സംബന്ധിച്ച ചർച്ചകൾക്ക് സഹായകരമായിട്ടുമുണ്ട് ‘, ആർകെഎസ് ബദൗറിയ പറഞ്ഞു.
അതിനൊക്കെയൊപ്പമാണ് റഫാൽ വിമാനം സംബന്ധിച്ച സിഎജി റിപ്പോർട്ടിനെയും കാണേണ്ടത്. ഇന്നാണ് അത് പാർലമെന്റിൽ സമർപ്പിച്ചത്. ‘ഹിന്ദു’ പത്രം ഇന്ന് ഉന്നയിച്ച രണ്ടു കാര്യങ്ങളും വെറും നുണയാണ് എന്ന് അത് വായിച്ചാൽ ബോധ്യപ്പെടും. ഒന്ന്, വിമാനങ്ങളുടെ സപ്ലൈ സംബന്ധിച്ച കലാപരിധി; രണ്ടാമത്തെ കാര്യം വില. ‘ compared to the 126 aircraft deal, India managed to save 17.08% money for the India Specific Enhancements in the 36 Rafale contract” എന്നാണ് സിഎജി പറയുന്നത്. സോണിയ – എകെ ആന്റണി- രാഹുൽ ഗാന്ധിമാരുടെ കാലത്തേതിനേക്കാൾ വിലയിൽ വന്നിട്ടുള്ള വ്യത്യാസമാണിത്. അവരാണല്ലോ 126 വിമാനം വാങ്ങാൻ പുറപ്പെട്ടിറങ്ങിയത്. മറ്റൊന്ന് വിമാനംനൽകുന്നതിൽ കാലതാമസം ഉണ്ട് എന്നതാണ്. അതിനുള്ള മറുപടി സിഎജി റിപ്പോർട്ടിലുണ്ട് ‘ സിഎജി പറയുന്നു; ‘ The delivery schedule of the first 18 Rafale aircraft is better than the one proposed in the 126 aircraft deal, by five months ‘. അതായത് യുപിഎ- യുടെ കാലത്ത് എത്രനാൾ കൊണ്ടാണോ വിമാനം നൽകാം എന്ന് സമ്മതിച്ചിരുന്നത് അതിനേക്കാൾ വേഗതയിൽ ഇപ്പോൾ അത് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട് എന്നാണ്. എന്തൊക്കെ പറഞ്ഞാലും സിഎജി ഫയലുകൾ പരിശോധിക്കാതെയും വസ്തുതകൾ നോക്കാതെയും ഒരു റിപ്പോർട്ട് ഉണ്ടാക്കുകയില്ലല്ലോ.
ഇനി കോൺഗ്രസുകാർക്ക്, ‘മഹാ ഗദ്‌ബന്ധൻ’ കൂട്ടർക്ക്, ഒരേയൊരു മാർഗ്ഗമേയുള്ളു; സുപ്രീം കോടതി ഈ യുദ്ധ വിമാന ഇടപാട് അംഗീകരിച്ചപ്പോൾ നിങ്ങൾ കോടതിയെ ആക്ഷേപിച്ചു. കളളത്തരം പ്രചരിപ്പിക്കുകയും ചെയ്തു. ഇനി ഉടനെ സിഎജി-യെ തന്നെ തള്ളിപ്പറയുക. പക്ഷെ ഒന്ന് കാണാതെ പോകരുത്. ഇപ്പോഴത്തെ സിഎജി, രാജീവ് മെഹ്‌റിഷി ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരിക്കെ, 11 മാസക്കാലത്ത്, ഒരൊറ്റ പ്രതിരോധ ഫയലും കണ്ടിട്ടില്ല , അദ്ദേഹത്തിന് പോയിട്ടില്ല എന്ന് ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞിട്ടുണ്ട്. കോടതിയെ കോൺഗ്രസ് തള്ളിപ്പറഞ്ഞു; തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ചു; സിഎജി യെക്കൂടി ചെയ്തോളു……. എന്നിട്ട് നരേന്ദ്രമോദി സ്ഥാപനങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞു നടക്കുകയും ചെയ്യാം. ‘ഹിന്ദു’ പത്രത്തിന് എന്തോ കാലക്കേട് സംഭവിച്ചിട്ടുണ്ട്; അത് അവർ സ്വയം നോക്കുന്നത് നല്ലതാണ്. കുരുടൻ ആനയെ കണ്ടത് പോലെ ഒരു പത്രത്തിനും പത്രാധിപർക്കും മുന്നോട്ട് പോകാനാവില്ലല്ലോ.
Post Your Comments