നരേന്ദ്ര മോദിക്ക് വേണ്ടി ലോകസഭയിൽ മുലായം സിങ് യാദവ്. പ്രതിപക്ഷ നിരയെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി ജയിച്ചുവരണം എന്ന് തുറന്നുപറയാൻ അദ്ദേഹം തയ്യാറായി. ഈ ലോകസഭയുടെ അവസാന ദിനത്തിലാണ് തന്റെ മനസ്സ് സമാജ്‍വാദി പാർട്ടി നേതാവ് തുറന്നത്. തീർച്ചയായും അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് ആ വാക്കുകൾ. അത് പ്രതിപക്ഷ നിരയെ അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തിട്ടുണ്ട്.
മുലായം സിങ് യാദവ് ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽ പ്രമുഖനാണ്. ദശാബ്ദങ്ങളുടെ അനുഭവ ജ്ഞാനം. എന്ത് എങ്ങിനെ എവിടെ പറയണമെന്ന് നന്നായി അറിയുന്നയാൾ. എപ്പോൾ എന്ത് തീരുമാനമെടുക്കണം എന്ന് നന്നായി അറിയുന്നയാൾ. അത്തരമൊരാൾ എന്തെങ്കിലും പറയുമ്പോൾ അത് വിവരക്കേടാണ് എന്നോ അബദ്ധം പിണഞ്ഞതാണ് എന്നോ ഒക്കെ കരുതേണ്ടതില്ല. അങ്ങിനെ എന്തെങ്കിലും പറയുന്നയാളല്ല അദ്ദേഹം. അതുകൊണ്ട് അദ്ദേഹം ഇന്ന് ലോകസഭയിൽ നടത്തിയ പ്രസ്താവന അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശ് എന്താണ്, എവിടേക്കാണ് എന്നതാണ് സൂചിപ്പിക്കുന്നത് എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകർ അനവധിയാണ്. ഇവിടെ ഓർക്കേണ്ടത്, എല്ലാവരും കാതോര്തിരിക്കുന്നത് യു.പിയിലേക്കാണ് എന്നതാണ്. അവിടെ രൂപപ്പെട്ടിരിക്കുന്നു മഹാസഖ്യം, അതായത് ബിഎസ്‍പി – എസ്‍പി കൂട്ടുകെട്ട് ബിജെപിയെ തകർക്കുമെന്നും അങ്ങനെവന്നാൽ ബിജെപിക്ക് ഇനി ഭൂരിപക്ഷം കിട്ടില്ലെന്നുമാണ് അവർ പ്രതീക്ഷിച്ചത്. കോൺഗ്രസ് സംഘടിപ്പിച്ച ചില സർവേകൾ പ്രകാരം ആ കൂട്ടുകെട്ടിന് 50- 52 അവിടെ ലഭിക്കുമത്രേ. അതുകൊണ്ട് കഴിഞ്ഞ തവണ 71 എം.പിമാരെ മോദിക്ക് സംഭാവന ചെയ്ത നാട് തങ്ങളെ രക്ഷിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ കരുതി. അതിനിടയിലാണ് മുലായം മനസ്സ് തുറന്നത്.
യു.പിയിലെ മഹാസഖ്യത്തോട് മുലായം സിങ്ങിന് പണ്ടേ യോജിപ്പില്ലായിരുന്നു എന്നതാണ് കേട്ടിരുന്നത്. മായാവതിയെ വിശ്വസിച്ചുകൂടാ എന്നതായിരുന്നുവത്രെ അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ മകൻ, അഖിലേഷ് യാദവ് തനിയെ മായാവതിയെ കണ്ട് സഖ്യമുണ്ടാക്കുകയായിരുന്നു. അതിനിടെയാണ് മുലയാമിന്റെ സഹോദരൻ ശിവപാൽ യാദവ് വേറെ പാർട്ടിയുണ്ടാക്കിയത്; പ്രഗതിശീൽ സമാജ്‍വാദി പാർട്ടി, ലോഹിയ ,( പിഎസ്‌പി). മുലായമിന് ശിവപാലുമായി ആത്മബന്ധമാണുള്ളത്; ഇന്നും അങ്ങിനെതന്നെ. അടുത്തിടെ ഏതാണ്ട് 24 -ഓളം പാർട്ടികളുടെ മുന്നണി ഉണ്ടാക്കി അദ്ദേഹം അവിടെ മത്സരത്തിനൊരുങ്ങുകയാണ്. അതായത് ഇന്നത്തെ നിലക്ക് കോൺഗ്രസ് തനിച്ചു മത്സരിച്ചാൽ, യുപിയിൽ ഏതാണ്ടൊരു ചതുഷ്കോണ മത്സരമാവും നടക്കുക. അതിൽ മുലായം സ്വീകരിക്കുന്ന നിലപാട് എന്തുകൊണ്ടും പ്രധാനമാണ്. ശിവപാലിനൊപ്പം മുലായം അണിനിരക്കുമെന്നാണ് സൂചനകൾ. അങ്ങനെവന്നാൽ മഹാസഖ്യം നെടുകെ പിളരുകയാവും ഫലം. മായാവതിക്ക് പിന്നെ അഖിലേഷിനെ കൂടെനിർത്തിയിട്ട് ഫലമില്ലാതാവും. എന്തായാലും യുപി നിർണ്ണായകമാവുന്ന വേളയിലാണ് മുലായം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
വേറൊന്ന് ഇല്ലാത്ത വിഷയമാണ് എങ്കിലും റഫാലിന്റെ പേരിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും ആക്രമിക്കാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പദ്ധതിയിട്ടിരുന്നു. ചന്ദ്രബാബു നായിഡു, മമത ബാനർജി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ഇന്ന് ഡൽഹിയിലെത്തി വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് അരങ് ഒരുക്കാൻ ശ്രമിച്ചിരുന്നു. അങ്ങിനെ മോഡി വിരുദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോഴാണ് മുലായം അവർക്കൊക്കെ തലവേദന സൃഷ്ടിച്ചത്. വേറെ എന്ത് അവിടെ പറഞ്ഞാലും അത്രക്ക് കുഴപ്പം അവർക്ക് ഉണ്ടാവുമായിരുന്നില്ല, എന്നാൽ “മോഡി ചെയ്‍തത് നല്ല കാര്യങ്ങളാണ്, അദ്ദേഹം ഈ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ തിരിച്ചുവരണം …..” എന്ന് പറഞ്ഞാൽ അതായില്ലേ അടുത്ത തിരഞ്ഞെടുപ്പിലെ ചർച്ചാവിഷയം. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളെയും മുലായം, പ്രമുഖ പ്രതിപക്ഷ നേതാവ്, പരസ്യമായി തള്ളിക്കളയുന്നതിന് സമാനമല്ലേ അത് . ഇത് തന്നെയാണ് പ്രതിപക്ഷത്തെ വല്ലാതെ അലട്ടുന്നത്. ഇത് യു.പിയിൽ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് തങ്ങളുടെ കൂടെനിൽക്കുന്നവർ നാളെയുണ്ടാവുമോ എന്ന ചിന്തക്കും വഴിതുറക്കും. ‘പ്രതിപക്ഷ രാഷ്ട്രീയം ‘ ആകെക്കൂടി വിശ്വസനീയമല്ലാതായി എന്നർത്ഥം.
വേറൊന്ന് കൂടിയുണ്ട്. ഇത്രയേറെ വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള മുലായം സിംഗിനെ പ്രതിപക്ഷ രാഷ്ട്രീയക്കാരും വേണ്ടത്ര ഗൗനിക്കുന്നിലായിരുന്നു. പ്രതിപക്ഷ സഖ്യവും മറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹത്തിന് ഒരു റോളും നൽകിയിരുന്നില്ല എന്നതോർക്കുക. ഇതൊക്കെ അദ്ദേഹം കുറെയൊക്കെ സഹിച്ചിരിക്കും. എന്നാൽ അതിനപ്പുറമാണ് രാഹുൽ ഗാന്ധി സൃഷ്ടിക്കുന്ന അരാജകത്വ രാഷ്ട്രീയം എന്നും മുലായമിന് അഭിപ്രായമുണ്ടായിരുന്നുവത്രെ. വെറും കള്ളത്തരം പറഞ്ഞുകൊണ്ടുള്ള കോൺഗ്രസ്- പ്രതിപക്ഷ രാഷ്ട്രീയം അദ്ദേഹത്തിന് പോലും സഹിച്ചിരുന്നില്ല എന്നും പറയുന്നു. പിന്നെ സർവോപരി, മാറിനിന്ന് നോക്കുമ്പോൾ, മോഡി സർക്കാർ ചെയ്തതൊക്കെ ജനങ്ങൾക്ക് വേണ്ടിയാണ്, രാഷ്ട്രത്തിന് വേണ്ടിയാണ് എന്ന തിരിച്ചറിവും സമാജ്‍വാദി പാർട്ടി നേതാവിനുണ്ട്. അതൊക്കെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വായിൽനിന്നു വീണ വാക്കുകൾ കാണിക്കുന്നത് എന്നാണ് യുപി രാഷ്ട്രീയം നോക്കിക്കാണുന്നവർ വിലയിരുത്തുന്നത്.
Post Your Comments