തൃശൂര്‍: പരാതി പറയാന്‍ എത്തി വനിതാ കമ്മീഷനു മുമ്പില്‍ ഷര്‍ട്ടിന്റെ കുടുക്കഴിച്ചയാള്‍ക്ക് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ ശാസന. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അധ്യക്ഷ അറിയിച്ചു. കമ്മീഷന്റെ മുമ്പില്‍ വച്ചുള്ള ഇയാള്‍ ഷര്‍ട്ട് അയച്ചതോടെ കമ്മീഷന്‍ ഇയാളെ ശാസിക്കുകയും എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മെഗാ ആദാലത്തില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ് സംഭവം. പരാതി പറയാന്‍ എത്തിയ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാന്‍ ഷര്‍ട്ടിന്റെ കുടുക്ക് അഴിച്ചപ്പോള്‍ കമ്മീഷന്‍ ശാസിക്കുകയായിരുന്നു. എന്നാല്‍ ഷര്‍ട്ട് അഴിക്കരുതെന്ന് കമ്മീഷന്‍ അധ്യക്ഷ വിലക്കിയിട്ടും ഇയാള്‍ ഷര്‍ട്ട് മുഴുവനായും അഴിച്ചതാണ് കമ്മീഷനെ ചൊടിപ്പിച്ചത്.
സ്ഥലക്കച്ചവടത്തില്‍ ഇടനിലക്കാരന്‍ കൂടിയായ ഇയാള്‍ 12.5 സ്ഥലം രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ധാരണയായ കച്ചവടത്തില്‍ തനിക്കുകിട്ടിയ പണത്തില്‍ നിന്ന് 55,000 രൂപ വാങ്ങിയതായി സ്ഥലത്തിന്റെ ഉടമ പരാതി നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്ന ഇയാളെ ഇന്നലെ പോലീസിനെ കൊണ്ടാണ് വിളിച്ചുവരുത്തിയത്.
എന്നാല്‍ പണം കൈപ്പറ്റിയില്ലെന്നായിരുന്നു അദാലത്തില്‍ ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഉടമ ഇയാള്‍്‌ക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന്‍ കാണിച്ചപ്പോഴാണ് താന്‍ ആക്രമണത്തിനിരയായിട്ടുണ്ട് എന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാനെന്നവണ്ണം ഷര്‍ട്ടിന്റെ കുടുക്കഴിക്കുകയായിരുന്നു. എന്നാല്‍ ഷര്‍ട്ട് അഴിക്കണ്ടെ എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കുടുക്കുകള്‍ മുഴുവന്‍ അഴിക്കുകയായിരുന്നു. ഇതോടെ കമ്മീഷന്‍ ഇയാളെ ശാസിച്ച് എഴുന്നേല്‍പ്പിച്ച് വിടുകയുമായിരുന്നു.
Post Your Comments