KeralaLatest NewsNews

ഇവന് ആക്രിപ്പണിയാണ്; വൈറ്റ് കോളര്‍ ജോലിയില്ല; ഇപ്പോള്‍ സമ്പാദിക്കുന്നത് വര്‍ഷത്തില്‍ 3 കോടി

ജോലി ആക്രി പെറുക്കല്‍. വര്‍ഷം സമ്പാദിക്കുന്നത് 3 കോടിയോളം. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടെങ്കിലും സംഗതി കാര്യമാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയാണിവിടെ താരം. ദിവസം 200 കിലോഗ്രാം മാലിന്യം സംസ്‌കരിച്ചു കൊണ്ടു തുടങ്ങിയ ഗ്രീന്‍വേംസ് എന്ന സ്റ്റാര്‍ട്ടപ് കമ്പനി ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോ ഗ്രാം മാലിന്യം. പലയിടങ്ങളിലായി 140 ജീവനക്കാര്‍. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള കമ്പനിയിലേക്ക് നിക്ഷേപമിറക്കാന്‍ താല്‍പര്യപ്പെടുന്നതു തന്നെ വമ്പന്‍മാര്‍. 6 ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങി വെറും 5 വര്‍ഷംകൊണ്ട് ഇങ്ങനെയൊക്കെ സാധിക്കണമെങ്കില്‍ അതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണം മാത്രമാണ്. സ്ഥാപകന്‍ ജാബിര്‍ കാരാട്ട് പറയുന്നു.

അടിവാരമാണ് എന്റെ നാട്. മോട്ടമ്മല്‍ വീട്. ഡിഗ്രി, പിജി പഠനത്തിന് നാടുവിട്ട് ഡല്‍ഹിയിലെത്തിയ ശേഷമാണ് എന്റെ കാഴ്ചപ്പാട് മാറാന്‍ തുടങ്ങിയത്. കൈവല്യ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഗാന്ധി ഫെലോഷിപ് കിട്ടിയത് വഴിത്തിരിവായി. ഇതിലൂടെ ബോംബെയിലെ ചേരി നിവാസികള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം വന്നു. അസൈന്‍മെന്റിന്റെ ഭാഗമായി 2 വര്‍ഷം ബോംബെ മുനിസിപ്പല്‍ ഗവ.സ്‌കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ അര്‍ഥവത്തായി, ജനോപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ആ ജീവിതത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. വികസിച്ചു വരുന്ന ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യമെന്ന് ആ ദിനങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 10 ഇരട്ടി വരും അടുത്ത ദശകങ്ങളില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ 95 ശതമാനവും പരാജയമാണ്. സേവന മേഖലയും ഒപ്പം വരുമാനമാര്‍ഗവും എന്ന നിലയില്‍ മാലിന്യം തെളിഞ്ഞു വന്നത് അങ്ങനെയാണ്.

കോയമ്പത്തൂര്‍ ഡേയ്‌സ്

കോയമ്പത്തൂരിലെ മാലിന്യം പെറുക്കി ജീവിക്കുന്ന ആളുകള്‍ക്കിടെ 3 മാസം ജീവിച്ച് മാലിന്യത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റം വരെ പഠിക്കുകയായിരുന്നു അടുത്ത പടി. അവരിലൊരാളായി ജീവിച്ച് കാര്യങ്ങള്‍ ഗ്രഹിച്ചെടുത്തു. അങ്ങനെ നാട്ടില്‍ തിരിച്ചെത്തി താമരശ്ശേരിക്കടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് ഗ്രീന്‍ വേംസ് തുടങ്ങി. ഭക്ഷണാവശിഷ്ടം കംപോസ്റ്റാക്കി, മറ്റു മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീ സൈക്ലിങ്ങിന് അയയ്ക്കുന്നതായിരുന്നു രീതി. മാലിന്യമെന്നു നാട്ടുകാര്‍ പറയുന്ന വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ന് ഗ്രീന്‍ വേംസ് 3 കോടിയോളം രൂപ വര്‍ഷം സമാഹരിക്കുന്നുണ്ട്. വലിച്ചെറിയുന്ന വെള്ളക്കുപ്പികള്‍ക്ക് കിലോയ്ക്ക് 2526 രൂപ കിട്ടും. പാല്‍ കവറിന് 14 രൂപ ഇങ്ങനെ ഓരോ മാലിന്യത്തിനും വിലയുണ്ട്. വീടുകള്‍, ഫ്‌ലാറ്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മാലിന്യം ഞങ്ങള്‍ സ്വീകരിക്കുന്നു. കോഴിക്കോടും കൊച്ചിയിലുമാണ് പ്രധാന ഓഫിസുകള്‍.

ഇവന് ആക്രിപ്പരിപാടിയാണെന്ന് പറഞ്ഞു നടന്നവര്‍ ഏറെയുണ്ടായിരുന്നു ആദ്യകാലത്ത്. വൈറ്റ് കോളര്‍ ജോലിയല്ല, അതാണ് പലരുടെയും പ്രശ്‌നം. അതൊക്കെ മാറി വരുന്നു. നാളെകളില്‍ ആളുകള്‍ തേടിയെത്തുന്ന മേഖലയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വേസ്റ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാവുക, ലോകത്തിലെ പേരെടുത്ത വേസ്റ്റ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട് ആവുക എന്നിവയൊക്കെയാണ് ഇനിയുള്ള ലക്ഷ്യങ്ങള്‍. മാര്‍ച്ചില്‍ യുഎസില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്.. എന്റെ റൂട്ട് കറക്ടാണെന്ന് നല്ല വിശ്വാസമുണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button