ജോലി ലഭിക്കാൻവേണ്ടി ഒരു ബയോഡേറ്റ അയയ്ക്കുന്നതു തെറ്റല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം ചതിയിൽ പെടാൻ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ യുവതിയുടെ അനുഭവം.ആസിഡ് ആക്രമണ ഭീഷണിയും അശ്ളീല സന്ദേശ ഗ്രൂപ്പിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തെങ്കിലും ധൈര്യപൂർവം പൊലീസിനെ സമീപിച്ചതിനാൽ യുവതി രക്ഷപെട്ടു. രണ്ടുദിവസം ക്രൂരവും വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നുപോയതിനുശേഷമാണ് പൊലീസിനെ സമീപിക്കാൻ യുവതിക്ക് ധൈര്യമുണ്ടായത്.
യുവതിക്ക് ധൈര്യം ലഭിക്കുന്നത്. കൊൽക്കത്ത ജാദവ്പൂർ സ്വദേശിയാണ് യുവതി. പ്രാദേശിക പൊലീസ് സ്റ്റേഷനിലും കൂടാതെ കൊൽക്കത്തയിലെ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.50,000 രുപ നൽകിയില്ലെങ്കിൽ യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്കിൽ ‘ജോബ്സ് ഇൻ കൊൽക്കത്ത’ എന്ന ലിങ്ക് തുറന്നതോടെയാണ് യുവതിയുടെ ദുരനുഭവങ്ങളും തുടങ്ങുന്നത്.
കഴിഞ്ഞമാസം ലിങ്കു തുറന്ന യുവതി ബയോഡേറ്റ അപ്‍ലോഡ് ചെയ്തു. കോണ്ടാക്റ്റ് നമ്പറും വിലാസവും ഇമെയ്ൽ വിലാസവുമെല്ലാം ബയോഡേറ്റയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുവതിയെ ഒരു സ്ത്രീ ഫോണിൽ വിളിച്ചു.ഒരു നമ്പർ കൈമാറിയ ശേഷം ആ നമ്പറിൽ വിളിക്കാൻ ആവശ്യപ്പെട്ടു. മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയാണ് അവർ ഓഫർ ചെയ്തത്. സ്ത്രീ ആവശ്യപ്പെട്ട ഫോൺനമ്പറിൽ വിളിച്ച യുവതിയോട് ഒരു പുരുഷൻ അവരുടെ കുറച്ചു ചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.
യുവതി അപ്രകാരം ചെയ്യുകയും ചെയ്തു. ടെലിഫോൺ ഇന്റർവ്യൂവിനു ശേഷം ചിത്രങ്ങൾ കണ്ട പുരുഷൻ യുവതിയെ ജോലിക്ക് തെരഞ്ഞെടുത്തതായി അറിയിക്കുകകയും ചെയ്തു. എന്നാൽ കൂടെ ചില വ്യവസ്ഥകൾ പാലിക്കണമെന്നും ഇവർ പറഞ്ഞു.ചില ഉയർന്ന ഉദ്യോഗസ്ഥരുടെ അതിഥികളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങണം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ആവശ്യത്തോടു വിയോജിച്ച യുവതി ഉടൻതന്നെ ഫോൺ ഡിസ് കണക്റ്റ് ചെയ്തു. അധികം വൈകാതെ യുവതിയെ ഒരു വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തു.
ഗ്രൂപ്പിലുള്ളവർ യുവതിക്ക് അശ്ളീലസന്ദേശങ്ങൾ അയയ്ക്കാനും തുടങ്ങി. യുവതി ഗ്രൂപ്പിൽനിന്ന് ഒഴിവായെങ്കിലും വീണ്ടും ആഡ് ചെയ്തു കൊണ്ടിരുന്നു.പിറ്റേന്നു മുതൽ ഫോണിലൂടെയും ശല്യം തുടങ്ങി. യുവതി ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ തങ്ങൾക്കറിയാമെന്നും പറഞ്ഞതോടെ തന്നെ ആരോ പിന്തുടരുണ്ടെന്ന സംശയം ബലപ്പെട്ടു.ഭയപ്പെട്ട യുവതി ഉടൻതന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായാണ് പോലീസ് അധികൃതർ പറയുന്നത്.
Post Your Comments