കരുമാല്ലൂര്‍: ഏകമകളെ സുമംഗലിയാക്കി ആശീര്വദിച്ചയച്ച പന്തലില്‍ പിറ്റേദിനം അമ്മയുടെ ചേതനയറ്റ ശരീരം. നാടിനെ സങ്കടക്കടലിലാഴ്ത്തി വിവാഹവേദി മരണവീടാക്കിയ അപകടമരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കരിങ്ങാംതുരുത്ത് ഗ്രാമം. ഒപ്പം വീട്ടമ്മയുടെ മരണകാരണത്തിന്റെ ദുരൂഹതയിലേക്കുള്ള അന്വേഷണത്തിലും.
ഞായറാഴ്ച വൈകീട്ടാണ് കരിങ്ങാംതുരുത്ത് കരിപ്പക്കാട്ടില്‍ സുരേഷും ഭാര്യ രമയും അപകടത്തില്‍പ്പെട്ടത്. മകളുടെ വിവാഹദിനത്തില്‍ ഭര്‍ത്തൃവീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആലങ്ങാട് പഞ്ചായത്തോഫീസിനു സമീപം ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. കരച്ചില്‍കേട്ട് സമീപത്ത് പന്തുകളിച്ചുകൊണ്ടിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. ആസമയം സുരേഷ് ബൈക്കില്‍നിന്ന് വീണ് റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. പെട്ടെന്നുതന്നെ നാട്ടുകാര്‍ സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ വണ്ടിയില്‍ കയറ്റി. അപ്പോള്‍, സുരേഷ് പറഞ്ഞാണ് ഭാര്യ രമയും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന വിവരം രക്ഷിക്കാനെത്തിയവര്‍ അറിയുന്നത്.
രമ തെറിച്ചുവീണ് സമീപത്തെ കുറ്റിക്കാട്ടില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇരുവരേയും ആശുപത്രിയിലാക്കി. തിങ്കളാഴ്ച രാവിലെയാണ് രമ മരിച്ചത്. എന്നാല്‍, അപകടമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പല അഭിപ്രായങ്ങളാണ് നാട്ടുകാരില്‍നിന്ന് കേള്‍ക്കുന്നത്. റോഡരികില്‍ സുരക്ഷാവേലിയില്ലാത്ത ട്രാന്‍സ്ഫോര്‍മറിന് സമീപമായിരുന്നു അപകടം. എന്നാല്‍, ആലുവയില്‍നിന്ന് ഇവര്‍ ആലങ്ങാട്ടേക്ക് വരുന്നതിന്റെ എതിര്‍വശത്താണ് ഈ ട്രാന്‍സ്ഫോര്‍മര്‍. മുന്‍പിലുണ്ടായിരുന്ന വണ്ടിയെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് എതിര്‍വശത്തേക്ക് തെന്നിമാറി മറിഞ്ഞതായിരിക്കാമെന്നാണ് നിഗമനം. അതേസമയം എന്തെങ്കിലും ആവശ്യത്തിന് വണ്ടി തിരിച്ചപ്പോള്‍ റോഡരികിലെ ട്രാന്‍സ്ഫോര്‍മറില്‍ തട്ടി വണ്ടി മറിഞ്ഞതായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഇതിനു സമീപം വലിയ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലേക്കെത്തുന്ന കണ്ടെയ്നര്‍ ലോറികള്‍ ഈ ഭാഗത്തിട്ട് തിരിക്കാറുണ്ട്. ആസമയം ഏതെങ്കിലും ലോറി ഇവരുടെ ബൈക്കില്‍ തട്ടിയതാണോയെന്നും സംശയിക്കുന്നു. എന്നാല്‍, ഇവരുടെ കൈയില്‍നിന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്നാണ് ആലങ്ങാട് പോലീസ് പറയുന്നത്. ആലങ്ങാട് – വരാപ്പുഴ റോഡില്‍ നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ സുരക്ഷാവേലിയില്ലാതെയുണ്ട്. റോഡ് വീതികൂട്ടിയപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാതിരുന്നതാണ് ഇതിന് കാരണം. സ്ഥലപരിമിതിയാണ് പ്രശ്നമെന്നാണ് കെ.എസ്.ഇ.ബി. യുടെ വിശദീകരണം.
Post Your Comments