ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ വരുന്നു. മൊബൈലിന്റെ നെറ്റ് വര്‍ക്ക് കവറേജ് മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായാണ് രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനി രംഗത്തുവന്നിരിക്കുന്നത്. ഇതിനായി അടുത്ത 15 മാസത്തിനുള്ളില്‍ 20,000 കോടി രൂപ കമ്പനി നിക്ഷേപിക്കും. ജിയോയ്ക്ക് ചില മേഖലകളില്‍ നെറ്റ്വര്‍ക്ക് കവറേജില്ലാത്തത് മുതലെടുത്ത് അത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അതുവഴി പുതിയ വരിക്കാരെ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ചെലവ് കുറഞ്ഞ ഡാറ്റ പ്ലാനുകളുമായി ടെലകോം രംഗം കീഴടക്കിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ നിന്ന് നേരിടേണ്ടിവന്ന കടുത്ത മല്‍സരത്തെ തുടര്‍ന്ന് കമ്പനിക്ക് വലിയ നഷ്ടമാണ് അടുത്തകാലത്തായി ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ മുതല്‍മുടക്ക് നടത്തി സേവനവും അതുവഴി വ്യാപാരവും മെച്ചപ്പെടുത്താന്‍ വൊഡഫോണ്‍- ഐഡിയ ആലോചിക്കുന്നത്. 2019-20 വര്‍ഷത്തേക്ക് നീക്കി വച്ച 27,000 കോടിയില്‍ നിന്നാണ് അടുത്ത 15 മാസത്തിനുള്ളില്‍ ഇത്രയും തുക നിക്ഷേപിക്കുകയെന്ന് വൊഡഫോണ്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അക്ഷയ മൂണ്‍ദ്ര പറഞ്ഞു. വൊഡഫോണ്‍ ഗ്രൂപ്പ് 11,000 കോടിയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 7250 കോടിയും സ്വരൂപിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് കമ്പനികളും പരസ്പരം ലയിച്ചതിനു ശേഷം നേരത്തേയുണ്ടായിരുന്ന ഉപകരണങ്ങള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതിലൂടെ 6200 കോടി രൂപയുടെ അധിക മൂലധനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments