Latest NewsKeralaIndia

പ്രചാരണം ശക്തമാക്കി ബിജെപി, പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വിഡിയോ വാൻ പ്രചാരണം ആരംഭിച്ചു

ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ഭരിച്ച്‌ സര്‍വ്വമേഖലകളിലും തകര്‍ത്ത ഭാരതത്തെ ക്ഷേമരാഷ്ട്രമാക്കി ഉയര്‍ത്തി കൊണ്ടുവരികയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്.

കാസർഗോഡ് : സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി.കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീഡിയോ വാന്‍ ഒരുക്കിയാണ് പാര്‍ട്ടി പ്രചാരണരംഗത്ത് സജീവമാകുന്നത്. ഇതിനൊപ്പം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായവും സ്വീകരിക്കും. ഈ നൂറ്റാണ്ടിലെ കാപട്യത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളായി ഇടത്- വലത് മുന്നണികള്‍ മാറിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

മോദി സര്‍ക്കാറിന്റെ അഞ്ചവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ വാനിന്റെ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.അറവ് ശാലയില്‍ നിന്ന് വരുന്ന അഹിംസാ മന്ത്രം പോലെയാണ് അക്രമണത്തില്‍ നിന്ന് മോചിതരാണ് തങ്ങളെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അവകാശവാദം. സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച്‌ മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തന്നെ അനുമതിയെടുത്തിരിക്കുകയാണ്.

അവര്‍ ആരെ കബളിപ്പിക്കാനാണ് അക്രമം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടാന്‍ തയ്യാറാണെന്ന് കേരളത്തില്‍ ഇങ്ങനെ പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ബി ജെ പിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ വര്‍ജ്യവസ്തുക്കളാണ്. രണ്ടുപേരുമായി കൂട്ട് വേണ്ടായെന്ന കാര്യത്തില്‍ ബിജെപി ഉറച്ച്‌ നില്‍ക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ദേശീയ കക്ഷിയെന്ന പദവിപോലും നഷ്ടമാകാന്‍ പോവുകയാണ്.

അറുപത് വര്‍ഷം കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭാരതം ഭരിച്ചിട്ടും തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കല്ലാതെ എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. വാജ്പേയിയാണ് നിയമത്തില്‍ ഭേദഗതി വരുത്തി സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകാതിരിക്കാന്‍ സഹായിച്ചത്.ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ഭരിച്ച്‌ സര്‍വ്വമേഖലകളിലും തകര്‍ത്ത ഭാരതത്തെ ക്ഷേമരാഷ്ട്രമാക്കി ഉയര്‍ത്തി കൊണ്ടുവരികയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. എതിരാളിയെന്ന വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും സമന്മാരായി കണ്ട് വികസന നേട്ടങ്ങളെത്തിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു.

അവികസിത മേഖലയില്‍ വികസന മാറ്റമുണ്ടാക്കേണ്ട മാന്ത്രിക ശക്തിയായി ബി ജെ പി മാറുമ്പോള്‍ അത് ഇടത് -വലത് മുന്നണികള്‍ക്ക് പേടി സ്വപ്നമായി തീരുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തയ്യാറാക്കുന്ന പ്രകടന പത്രികയിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് വാനില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ എഴുതി നിക്ഷേപിക്കുകയോ 6357171717 എന്ന നമ്പറില്‍ കോള്‍ ചെയ്തോ അറിയിക്കാം.വരും ദിവസങ്ങളില്‍ ഓരോ ജില്ലകളിലേയും പ്രധാനകേന്ദ്രങ്ങളില്‍ വിഡിയോ സ്ക്രീന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പര്യടനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button