ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവതിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽകോടതിയുടെ ഉത്തരവ്. 2015-ൽ ദുബായ് മറീനാ മാളിന് സമീപം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി രഹ്ന ജാസ്മിനാണ് പണം നൽകാൻ വിധിച്ചിരിക്കുന്നത്. ഭർത്താവിന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രഹ്നയ്ക്ക് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന സുഹൃത്തും പിൻസീറ്റിലുണ്ടായിരുന്ന രണ്ടുവയസ്സുള്ള കുട്ടിയും തത്ക്ഷണം മരിച്ചു. തലയ്ക്കും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ രഹ്നയെ അബോധാവസ്ഥയിൽ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
24 ദിവസത്തോളം ബോധമില്ലാതെ കിടന്ന രഹ്നയ്ക്ക് പിന്നീട് പല ശസ്ത്രക്രിയകളും നടത്തുകയും പിന്നീട് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാൻ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയെ ചുമതലപ്പെടുത്തി. പ്രാഥമിക കോടതി ഏഴുലക്ഷം ദിർഹം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ഇത് മതിയായ തുകയല്ലെന്ന് കാണിച്ച് വീണ്ടും അപ്പീലിന് പോയതിനെ തുടർന്ന് ത്തുലക്ഷം ദിർഹമാക്കി ഉയർത്തിക്കൊണ്ട് അപ്പീൽ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ പലിശ കൂടി ചേർത്താണ് രണ്ടുകോടി പതിനൊന്നുലക്ഷം രൂപ രഹ്നയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
Post Your Comments