താമരശ്ശേരി: : വീടുനിര്‍മിച്ചതിന് കരാര്‍ പ്രകാരമുള്ള തുക മുഴുവന്‍ നല്‍കാന്‍ ഉടമ തയ്യാറാകുന്നില്ലെന്നാരോപിച്ച് കരാറുകാരനും ഭാര്യയും ഉടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പുസമരം തുടങ്ങി. കൂടത്തായ് സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപം കീക്കരിക്കാട്ടൂര്‍ മാത്യു നിക്കോളാസിന്റെ വീട്ടുപടിക്കലാണ് കരാറുകാരന്‍ പുതുപ്പാടി ചെമ്മരംപറ്റ ചക്കാലക്കല്‍ സി.വി. ആന്റണിയും ഭാര്യ മോളി ആന്റണിയും കുത്തിയിരിപ്പു തുടങ്ങിയത്.
മാത്യു നിക്കോളാസിന്റെ വീട് നിര്‍മിച്ചതില്‍ കരാര്‍ പ്രകാരമുള്ള തുകയില്‍ 12.40 ലക്ഷം രൂപ കിട്ടാനുണ്ടെന്നും മൂന്നുവര്‍ഷമായിട്ടും പണം തരാന്‍ ഇയാള്‍ തയ്യാറാകുന്നില്ലെന്നും ആന്റണി പറയുന്നു. 2015-ലായിരുന്നു 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണം ആന്റണി ഏറ്റെടുത്തത്. വീടിന്റെ വാര്‍പ്പുവരെയുള്ള ജോലിയാണ് ചെയ്തത്. നിര്‍മാണസാമഗ്രികളെല്ലാം സ്വന്തംനിലയ്ക്ക് ഇറക്കിയായിരുന്നു നിര്‍മാണം. നിര്‍മാണത്തിന്റെ പലഘട്ടങ്ങളിലായി 21.80 ലക്ഷം രൂപ തന്നിരുന്നു. പക്ഷേ, വാര്‍പ്പുകഴിഞ്ഞാല്‍ നല്‍കാമെന്നു പറഞ്ഞിരുന്ന തുക നല്‍കാതെ ഉടമ പിന്‍വാങ്ങുകയായിരുന്നെന്ന് ആന്റണി പറയുന്നു. ബാങ്ക് വായ്പയുള്‍പ്പെടെയെടുത്താണ് കരാര്‍ പ്രകാരം വീടുനിര്‍മിച്ചത്. പറഞ്ഞപ്രകാരം പണം കിട്ടാതായതോടെ വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ഇപ്പോള്‍ 14 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കിട്ടാനുള്ള പണം തിരിച്ചുകിട്ടാന്‍ വേറെ പോംവഴിയൊന്നുമില്ലാത്തതിനാലാണ് കരാറെടുത്ത് നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗേറ്റിനുമുമ്പില്‍ കുത്തിയിരിപ്പിന് മുതിരേണ്ടിവന്നതെന്നും ആന്റണി പറഞ്ഞു. \
എന്നാല്‍, കരാറുകാരന് നല്‍കാനുള്ളതില്‍ കൂടുതല്‍ തുക നല്‍കിയതാണെന്നും എന്നിട്ടും പണി നിര്‍ത്തിപ്പോവുകയാണുണ്ടായതെന്നും മാത്യു നിക്കോളാസ് പറയുന്നു. ഇതുസംബന്ധിച്ച് താമരശ്ശേരി കോടതിയില്‍നിന്ന് തനിക്ക് അനുകൂലമായി വിധിയുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments