ന്യൂഡല്‍ഹി•ബി.ജെ.പി എം.പിയും 1983 ലെ ലോകകപ്പ് ജേതാവായ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. മൂന്ന് തവണ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആസാദ് ഫെബ്രുവരി 15 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്കോണ്ഗ്രസില് ചേരും.
നിലവില്‍ ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് കീര്‍ത്തി ആസാദ്. 2019 ല്‍ ഇവിടെ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആസാദ് ജനവിധി തേടിയേക്കും.
അതേസമയം, ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായും ആസാദ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
‘ഞാന്‍ 26 വര്‍ഷം വിശ്വസ്തതയോടെ സേവനം ചെയ്തെങ്കിലും ബി.ജെ.പി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. എനിക്ക് പോകാന്‍ കഴിയുന്ന ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്’- ആസാദ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ബി.ജെ.പിയിലെ എല്ലാ കാര്യങ്ങളും മാറി. ഒരു കൂട്ടായ സംഘടനയില്‍ നിന്ന് ‘രണ്ടര’ ആളുകള്‍ നയിക്കുന്ന ഒന്നായി അത് അധപ്പതിച്ചുവെന്നും കീര്‍ത്തി ആസാദ് ആരോപിച്ചു.
മുന്‍പ് നമ്മള് ഒരു കോള്‍ ചെയ്താല്‍ പ്രധാനമന്ത്രിയുടെയോ പാര്‍ട്ടി അധ്യക്ഷന്റെയോ അപ്പോയിന്റ്മെന്റ് 24 മണികൂറിനകം ലഭിക്കുമായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും ഇവരുമായി കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചുവരികയുമാണ്. എന്നാല്‍ ഒരു ആവാരം പോലും ലഭിച്ചില്ല. – ആസാദ് പറയുന്നു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുടെ പേരില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്കെതിരെ വിരല്‍ ചൂണ്ടിയതിനെത്തുടര്ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് 2015 ഡിസംബറില്‍ 60 കാരനായ ആസാദിനെ ബി.ജെ.പിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
‘ഞാന്‍ ഒരിക്കലും ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സംസാരിച്ചിട്ടില്ല. എന്റെ പോരാട്ടം സ്വകാര്യ സംഘടനയായ ഡി.ഡി.സി.എയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും എതിരെയായിരുന്നു. അതില്‍ ജെയ്റ്റ്ലിയും ഭാഗമാണ്. പക്ഷേ, അന്വേഷണം ഉണ്ടായില്ല. എന്നെ വിമതനായി മുദ്ര കുത്തുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു’- ആസാദ് പറഞ്ഞു.
Post Your Comments