ഭോപാല്‍: കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ നടത്തി വന്നിരുന്ന വായ്പത്തട്ടിപ്പ് വെളിച്ചത്തായി. കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതു മൂലമാണു തട്ടിപ്പു പിടിച്ചത്. 45 ലക്ഷം പേരുടെ വായ്പ എഴുതിത്തള്ളുകയും അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ, തങ്ങള്‍ വായ്പ എടുത്തിട്ടില്ലെന്നു കാട്ടി നൂറു കണക്കിന് കര്‍ഷകര്‍ രംഗത്തെത്തി. മരിച്ചവരുടെ പേരില്‍ പോലും വായ്പ എടുത്തതായി തെളിഞ്ഞു. ഗ്വാളിയറില്‍ മാത്രം 1200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങുന്നതിനായി പലിശരഹിത വായ്പ നല്കാന് മുന്‍ സര്‍ക്കാര്‍ 4526 സംഘങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, സംഘത്തിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഒത്തുചേര്‍ന്ന് കര്‍ഷകര്‍ അറിയാതെ ഈ തുക തട്ടിയെടുക്കുകയായിരുന്നു. കര്‍ഷകരുടെ പേരില്‍ വായ്പ അനുവദിച്ചതായി കണക്കില്‍ പെടുത്തി തുക എടുത്തശേഷം പുറത്ത് കൊള്ളപ്പലിശയ്ക്കു നല്കി വന്നു. വായ്പ എഴുതിത്തള്ളിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
Post Your Comments