കുറ്റ്യാടി: വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢനീക്കം നടത്തുന്നതായി തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നു. ആവശ്യത്തിന് ജീവനക്കാരും ബസുകളും ഉണ്ടായിരുന്നിട്ടും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും സമയം മാറ്റിയും വരുമാനം കുറയ്ക്കാന്‍ ഇടയാക്കുകയാണെന്നാണ് ആരോപണം. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ സര്‍വീസുകളാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് ഡിപ്പോയിലെ ഉന്നതര്‍ വെട്ടിച്ചുരുക്കുന്നത്.
മാനന്തവാടി, പാലക്കാട്, കോട്ടയം, ഏറണാകുളം, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലേക്കും വടകരയുടെ ഉള്‍നാടുകളിലേക്കും ഉള്‍പ്പെടെ 45 സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്നുള്ളത്. ഉള്‍നാടുകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇതോടൊപ്പം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ തൊട്ടില്‍പ്പാലം, കുറ്റ്യാടി, കോഴിക്കോട് ചെയിന്‍ സര്‍വീസും നിര്‍ത്തലാക്കി. കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലത്തേക്ക് ഉച്ചയ്ക്ക് ശേഷമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും മലയോര ജനതയുടെ യാത്രാക്ലേശം വര്‍ധിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ തൊട്ടില്‍പ്പാലം–കുട്ട—ബംഗളൂരു സര്‍വീസ് നിര്‍ത്തലാക്കിയതും തിരിച്ചടിയായി. ഒമ്പത് വര്‍ഷമായി എല്ലാദിവസവും രാവിലെ ഒമ്പതിന് തൊട്ടില്‍പ്പാലത്തു പുറപ്പെടുന്ന ബസ് വൈകീട്ട് അഞ്ചിന് ബംഗളൂരുവിലെത്തും. തിരിച്ച് രാത്രി 10ന് പുറപ്പെട്ട് പുലര്‍ച്ചെ അഞ്ചരയോടെ തൊട്ടില്‍പ്പാലത്ത് എത്തുന്ന ബംഗളൂരു– – തൊട്ടില്‍പ്പാലം എക്‌സ്പ്രസ് നിര്‍ത്തലാക്കിയതോടെ ജനം ഏറെ ബുദ്ധിമുട്ടുകയാണ്.
തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ബസിന്റെ തൊട്ടുമുമ്പ് വടകര ഡിപ്പോയില്‍ നിന്ന് ബംഗളൂരു സര്‍വീസ് ആരംഭിച്ചത് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നുള്ള ബസിന്റെ കലക്ഷന്‍ ഗണ്യമായി കുറച്ചു. ബംഗളൂരു സര്‍വീസ് നിര്‍ത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വീക്കെന്റ് സര്‍വീസ് നടത്താന്‍ മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കാവിലുംപാറ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
Post Your Comments