കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ‘പ്രതിഷേധങ്ങള്‍’ ‘വിജയം’ കാണുന്നു. ലുട്ടാപ്പിയെ തിരികെയെത്തിക്കാന്‍ തീരുമാനിച്ച് ബാലരമ. ഇത് ‘സത്യത്തിന്റെയും നീതിയുടെയും’ വിജയമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. താനില്ലാത്ത സമയത്ത് തന്റെ സ്ഥാനം കൈക്കലാക്കാന്‍ ശ്രമിച്ച പുതിയ കഥാപാത്രത്തെ പച്ചത്തവളയെന്ന് വിളിച്ച് കളിയാക്കിയാണ് ലുട്ടാപ്പിയുടെ രംഗപ്രവേശനം. ലുട്ടാപ്പിയുടെ രണ്ടാംവരവ് ‘മാസ് എന്‍ട്രി’യായിരുന്നുവെന്നും ഫാന്‍സ് വ്യക്തമാക്കുന്നു.
മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിക്കുന്നത്. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയായിരുന്നു ക്യാംപെയ്ന്‍. #സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിലായിരുന്നു ക്യാംപെയ്ന്‍. എന്തായാലും ലുട്ടാപ്പി ഫാന്‍സിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രതിഷേധങ്ങളും തമാശകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബാലരമയുടെ ഫെയിസ്ബുക്ക് പേജില്‍ ഇന്നലെ മാത്രം ആയിരക്കണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വളരെ രസകരമായി വാദമാണ് ചില ഫാന്‍സുകാരുടേത്. ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെയാണ് പ്രതിഷേധമെന്ന് ഒരാളുടെ കമന്റ്. പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലായാലും പെണ്ണ് വരട്ടെയെന്ന് സ്ത്രീപക്ഷ വാദികളും പറയുന്നു. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി മായാവിയുടെ എതിരാളിയാണ് ലുട്ടാപ്പി. കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് ബുദ്ധികേന്ദ്രമായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന ആയുധം. ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും എന്തിനാണ് പുതിയൊരു വില്ലത്തിയെന്നാണ് ഫാന്‍സിന്റെ പ്രധാന ചോദ്യം.
Post Your Comments