തൊടുപുഴ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിന്ന് ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനമെന്ന് മിസോറാം ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സേവനങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള നവോത്ഥാന ചരിത്രം അപൂര്‍ണമാണെന്നെന്നും കുമ്മനം പറഞ്ഞു. തൊടുപുഴ മണക്കാട് എന്‍.എസ്.എസ് കരയോഗത്തിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന നവതി ആഘോഷപരിപാടികളുടെ സമാപനസമ്മേളനവും സുകൃതം കാരുണ്യ ചികിത്സാ സഹായ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയുമൊക്കെ തെളിച്ചവഴിയിലൂടെ മന്നവും അയ്യന്‍കാളിയും ആര്‍.ശങ്കറും ടി.കെ. മാധവനും കുറുമ്പന്‍ ദൈവത്താനുമൊക്കെ നടത്തിയ ത്യാഗോജ്ജ്വലമായ നിസ്വാര്‍ത്ഥ സേവനങ്ങളാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം. പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടുവരുന്നതാണ് യഥാര്‍ത്ഥ നവോത്ഥാനം. അദ്ദേഹം അദ്ദേഹത്തിനുവേണ്ടി ഒന്നും എടുത്തിട്ടില്ല. സമൂഹത്തിന് വേണ്ടിയും പാവപ്പെട്ടവര്‍ക്കുവേണ്ടിയും എല്ലാം ത്യജിച്ചിട്ടേയുള്ളുവെന്നും കുമ്മനം പറഞ്ഞു.
Post Your Comments