ഗുഡ്ഗാവ്: എസ്എംഎസില്‍ വന്ന ലിങ്ക് ക്ലിക്ക് ചെയ്ത ഉടന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 60,000 രൂപ നഷ്ടമായി. ഗുഡ്ഗാവ് സ്വദേശി ഹരീഷ് ചന്ദര്‍ എന്ന 52 കാരനായ വ്യവസായിക്കാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഇത്രയും തുക നഷ്ടമായത്. ലിങ്ക് വഴി ഫോണില്‍ കയറിക്കൂടിയ ആപ്ലിക്കേഷനിലൂടെയാണ് ഇയാള്‍ക്ക് പണം നഷ്ടമായത്.
ആദായ നികുതി വകുപ്പില്‍ നിന്നുള്ള ഔദ്യോഗിക എസ്എംഎസ് എന്ന രൂപേണയാണ് ഹരീഷ് ചന്ദറിന്റെ ഫോണിലേക്ക് സന്ദേശം എത്തിയത്. ഇതില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഓണ്‍ലൈന്‍ പണമിടപാടിലൂടെ രണ്ട് തവണയായി ഹരീഷിന് പണം നഷ്ടപ്പെടുകയായിരുന്നു. പരാതിയില്‍ ഐപിസി സെക്ഷന്‍ 420 (വഞ്ചനാകുറ്റം) ന് കീഴിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പണം നഷ്ടപ്പെട്ട വിവരം ബാങ്ക് അധികൃതുടെ അടുത്തെത്തിയപ്പോഴാണ് അക്കൗണ്ട് ആപ്ലിക്കേഷന്‍ വഴി ഹാക്ക് ചയ്യപ്പെട്ടതാണെന്ന് വ്യക്തമായത്.
അതേസമയം ഫോണില്‍ വന്ന ഒടിപി സന്ദേശം പുനെയില്‍ നിന്നുള്ള നമ്പറിലേക്കാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതിവരെ ആരേയും അറസ്റ്റ് ചെയ്തട്ടില്ല.
ലിങ്കുകള്‍ ഉപയോഗിച്ചുള്ള ഹാക്കിങ് സര്‍വ സാധാരണമായിരിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കോളേജ് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഡയറക്ടര്‍ രാജ് സിങ് നെഹ്റ പറഞ്ഞു. സംശയാസ്പദമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിമാറിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments