മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറുകയാണ്. ചിത്രത്തിനെ പ്രകീര്‍ത്തിച്ച് എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്റെ അമ്മയുടെ കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കുമ്പളങ്ങിയിലെ സുന്ദരികളും മുടുക്കികളായ പെണ്ണുങ്ങളെക്കുറിച്ചും ആണത്വമുള്ള പുളുന്താന്‍മാരല്ലാത്ത ആണുങ്ങളെക്കുറിച്ചുമാണ് ശ്യാമിന്റെ അമ്മയായ ഗീതാ പുഷ്‌കരന്‍ കുറിപ്പെഴുതിയത്. ഈ കുറിപ്പാണ് വൈറലായിരിക്കുന്നത്.
ഗീത പുഷ്‌കരന്റെ കുറിപ്പ്
നിങ്ങ കുമ്പളങ്ങീലെ പെണ്ണുങ്ങളെക്കണ്ടാ.. മുടുക്കികള്‍.. സുന്ദരികള്‍.. സ്‌നേഹിക്കാന്‍ മാത്രമല്ല കെട്ടാ, ജീവിക്കാനും പഠിച്ചവര്‍.
ആണുങ്ങ, ആണത്വമുള്ളവര്‍.. പുളുന്താന്മാരല്ല കേട്ടാ..
എത്ര സുന്ദരനായാലും കെട്ടിയോന്‍, കെട്ടിയോന്റെ സ്ഥാനത്തു മാത്രം നിന്നാ മതി എന്നു തുറന്നു പറയുന്നവള്‍, ഏതു ടൈപ്പ് ആങ്ങളയായാലും മരിയാദക്ക് സംസാരിക്കണം എന്ന് താക്കീതു നല്‍കുന്നവള്‍. അവളാണ് പെണ്ണ്, കുമ്പളങ്ങിക്കാരി ഭാര്യ. കുടുംബ ജീവിതത്തിനു വേണ്ടി
വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോഴും അനാവശ്യ ആണധികാര ആഭാസങ്ങള്‍ക്കു വില കല്‍പ്പിക്കാത്തവള്‍.
പ്രേമിച്ചവനെ തേക്കാതെ, ചങ്കിനോടു ചേര്‍ത്ത് നിര്‍ത്തി ,പോയി മീന്‍ പിടിച്ചു വാ ട്ടാ.. അതു കുറഞ്ഞ തൊഴിലല്ല എന്നു പറയുന്ന ആത്മാര്‍ത്ഥത കൈമുതലായി
ഉള്ളവള്‍ മറ്റൊരു പെണ്ണ്. നിറമല്ല, നന്മയുള്ള മനസ്സും തൊഴിലെടുത്തു പെണ്ണിനെ പുലര്‍ത്താനുള്ള സന്നദ്ധതയുമാണ് ആണിന്റെ സൗന്ദര്യം എന്നു തിരിച്ചഞ്ഞവള്‍ മറ്റൊരുവള്‍
പ്രേമിച്ചവനുമായി അന്യനാട്ടിലേക്കു പലായനം ചെയ്ത്, ജീവിതം പച്ചപിടിച്ചു വരുമ്പോള്‍, നിറവയറുമായി നടുവിനു കൈത്താങ്ങുനല്‍കി കഷ്ടിച്ചു നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഇണവേര്‍പെട്ടു പോയിലും കുഞ്ഞിനെപ്പോറ്റാനും ജീവിക്കാനും മാത്രമായൊരു മനുഷ്യന്‍ വച്ചുനീട്ടിയ കൈക്കുപിടിച്ചു പരിമിത സൗകര്യങ്ങളുള്ള ഒരിടത്തേക്കു കൂടുമാറിയവള്‍, ജീവിതത്തെ ധൈര്യമായി നേരിടാനുറച്ചവള്‍ തമിഴ് മകള്‍.
ആണധികാരം എന്നും പെണ്ണിനെ നിശബ്ദയാക്കാന്‍ പൊതു ഇടങ്ങളില്‍ പുരുഷലിംഗപ്രദര്‍ശനം നടത്തുന്നതുപോലെ തികച്ചും കുല്‍സിതവും ആഭാസകരവുമായ വാക്കായി വ്യഭിചാരം ഉപയോഗിക്കുമ്പോള്‍ (അതെ സ്വന്തം ലിംഗപ്രദര്‍ശനം പോലെയാണ് ആ വാക്കും…) ഒറ്റക്ക് ഒരു പെണ്ണിനും അതു ചെയ്യാന്‍ കഴിയില്ലെന്നിരിക്കേ.. പുരുഷന്‍ തുണിയുരിഞ്ഞു നടുറോഡില്‍ നില്‍ക്കുന്ന പോലെയല്ലേ വ്യഭിചാരാരോപണവും. വ്യഭിചാരം അനുവദിക്കാത്ത ഒളിഞ്ഞു നോട്ടക്കാരന്റെ മുഖത്തു കാറിത്തുപ്പി ഇറങ്ങിപ്പോയ വിദേശ വനിതയും..
കുലം, ജാതി, മതം, സ്വദേശം ഒന്നും പെണ്ണിന്റെ ആത്മാഭിമാനത്തിന് വിലങ്ങുതടിയാവാതെ, ചങ്ങലകള്‍ തീര്‍ക്കാതെ ,സ്വാഭിമാനിനികളായി അവര്‍ ഇറങ്ങി വരുമ്പോള്‍… ഇരു കൈകളും നീട്ടി അവരെ സ്വാഗതം ചെയ്ത് ബന്ധനങ്ങളില്ലാത്ത ,ചെടികള്‍ പൂത്തുലയുന്ന, പ്രകാശം പരക്കുന്ന
വീട്ടിലേക്ക് ക്ഷണിക്കുന്ന നെപ്പോളിയന്റെ മക്കള്‍… അവരാണ് യഥാര്‍ത്ഥ പുരുഷന്മാര്‍. ആണത്വമുള്ളവര്‍, പെറ്റമ്മയെ അറിഞ്ഞവര്‍. ഇതല്ലേ കുമ്പളങ്ങിയുടെ നേര്‍ചിത്രം ?
ഷമ്മി വരത്തനാണു കേട്ടാ, ഞങ്ങട കുമ്പളങ്ങിക്കാരനല്ല കേട്ടാ
Post Your Comments