Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

.’ചേട്ടന്റെ ഷഡ്ഡി ഇനി ചേട്ടന്‍ തന്നെ അലക്കിക്കോളാം’ – ഷമ്മി ചമയുന്ന ആങ്ങളമാര്‍ക്ക് ഒരു ഡോക്ടറുടെ കുറിപ്പ്

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ഷമ്മി എന്ന കഥാപാത്രം സമൂഹത്തിലെ ആണ്‍കോയ്മയെ സാരമായി അവതരിപ്പിക്കുകയാണ്. പല ഷമ്മിച്ചേട്ടന്മാരേയും തുറന്നു കാട്ടുന്ന ഒരു ഡോക്ടറുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറമേ ആങ്ങളെ ചമഞ്ഞ് സംരക്ഷകരായെത്തുന്ന എല്ലാവരുടെയുള്ളിലും ഒരു ഷമ്മി ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ ബെബെറ്റോ തിമോത്തിയുടെ കുറിപ്പില്‍ പറയാതെ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എത്രയും പ്രിയപ്പെട്ട ബേബി മോള്‍ അറിയുന്നതിന്,
എങ്ങനെയിണ്ടായിരുന്നു ഈ ദിവസം?അടിച്ച് പൊളിച്ചില്ലേ?
പൊളിച്ചിട്ടുണ്ടാവും എന്നറിയാം.പൊളിക്കണം.എത്ര കാലം എന്ന് വെച്ചിട്ടാ നമ്മളീ പഴഞ്ചന്‍ രീതികളൊക്കെ പിന്തുടരുവാ? നമ്മളത്രയ്ക്ക് ഓര്‍ത്തഡോക്‌സ് ഒന്നും അല്ലല്ലോ. ഇന്ന് നിനക്കൊരു കല്ല്യാണാലോചന വന്നിരുന്നു.ഞാനാ ബ്രോക്കറേ എറിഞ്ഞോടിച്ചില്ല എന്നേ ഉള്ളൂ.ഒരു മുളയന്‍ ചെറുക്കന്‍. നമ്മുടെ സ്റ്റാറ്റസ്സിനൊക്കുന്നതാണോ മോളേ ഇതൊക്കെ.ചേട്ടന്‍ ഡീല്‍ ചെയ്ത് വിട്ടിട്ടുണ്ട്.നല്ല തറവാട്ടില്‍ പിറന്ന,അഞ്ചക്ക ശമ്പളം വാങ്ങുന്ന വെളുത്ത് സുമുഖനായ ഒരു സത്യക്രിസ്ത്യാനിയേ മാത്രേ ബേബി മോള്‍ക്ക് പിടിക്കൂ എന്ന് ഞാന്‍ അങ്ങേരെ പറഞ്ഞ് കണ്വിന്‍സ് ചെയ്യിപ്പിച്ചിട്ടുണ്ട്.അങ്ങനെ തന്നെ ആകുമല്ലോ അല്ലേ.ആവും എനിക്കറിയാം.എന്റെ ബേബി മോളല്ലേ.നിനക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചേട്ടനെന്തിനാ.
അയ്യോ സമയം പോയതറിഞ്ഞില്ല.മണി ആറ് കഴിഞ്ഞല്ലേ.നീ വേഗമിങ്ങോട്ട് പോന്നേക്ക്.അധികം ഇരുട്ടാവണ്ട.ആളുകള്‍ പിന്നെ അതും ഇതും പറയും.ഇപ്പൊ സെന്റ് ആന്റണീസ് ബസ്സിണ്ടാവും.അതില്‍ കേറിക്കോ.പിന്നെ ഈ സമയമായോണ്ട് ചില ഞരമ്പന്മാര്‍ കാണും ബസ്സില്‍.അവര്‍ ചിലപ്പോള്‍ ഉരസിയെന്നോ മുട്ടിയെന്നോ ഒക്കെ ഇരിക്കും.വല്ല്യ ഇഷ്യൂ ആക്കണ്ട.ചന്ത പിള്ളേര്‍ കുറേ ഇറങ്ങിയിട്ടിണ്ട്.ബഹളം വെച്ച് നാട്ടാരറിഞ്ഞാല്‍ ആര്‍ക്കാ നഷ്ടം.ഇലയ്ക്കാണേ കേട്.
നിന്റെ മറ്റേ കൂട്ടുകാരി ഇല്ലയോ സോന?
അവള്‍ടെ വീട്ടിലൊന്നും കേറാന്‍ നില്‍ക്കണ്ട.അവളെ കുറിച്ചത്ര നല്ല അഭിപ്രായമൊന്നും അല്ല.
ഒരു മരം കേറി പെണ്ണ്…ഇത്ര നല്ല കോഴ്‌സുകളുണ്ടായിട്ടും അവള്‍ക്കീ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എടുക്കേണ്ട ആവശ്യം എന്തായിരുന്നു.
ചെറുക്കന്മാരുടെ കൂടെ ആര്‍മ്മാദ്ദിക്കാന്‍ തന്നെ അല്ലാതെന്ത്.കെട്ടുന്നോന്റെ ഒക്കെ ഒരവസ്ഥയേ.എത്ര വട്ടം ഓടിയതാണെന്ന് ആര്‍ക്കറിയാം.ഇത് നീ അവളുടെ അടുത്ത് പറയാനൊന്നും നില്‍ക്കണ്ട.പിന്നെ കുറേ വേലേം കൂലിയുമില്ലാത്ത ഫെമിനിച്ചികളും പാവാട താങ്ങികളുമിറങ്ങും.വെറുതെ എന്നാത്തിനാ.
പിന്നെ സ്റ്റോപ്പിലിറങ്ങിയിട്ട് നീ ആ ശശീടെ തയ്യല്‍ കടയില്‍ ഒന്ന് കേറിക്കോ.ആ മഞ്ഞ ചുരിദാറിന്റെ ടോപ്പ് എനിക്കങ്ങ് അത്ര പിടിച്ചില്ല മോളേ.ഞാന്‍ അവനെ വിളിച്ച് വേണ്ടത് പറഞ്ഞിട്ടുണ്ട്.നെഞ്ച് ഭാഗത്ത് ഇറക്കം കൂടുതല്‍.സൈഡിലാണെങ്കില്‍ വെട്ടും.ഫാഷനാണത്രേ.എന്നാ നിന്റെ പെങ്ങളേ ബിക്കിനിയുടുപ്പിച്ച് റോഡിലൂടെ നടത്തെടാ എന്നൊരു കാച്ചങ്ങ് കാച്ചിയിട്ടുണ്ട്.മാസ്സ് അല്ലേ.അല്ലെങ്കില്‍ ബേബി മോള്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് അവനങ്ങ് കരുതില്ലേ.അപ്പൊ വേറൊരു മറ്റീരിയല്‍ കൊടുത്തിട്ടുണ്ട്.അത് മേടിച്ചേക്ക്.
നിനക്ക് പി ജി ചെയ്യാന്‍ പറ്റിയ കുറച്ച് കോളേജുകള്‍ ഞാന്‍ കണ്ട് വെച്ചിട്ടുണ്ട്.നീ വന്നിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം.എല്ലാം പോയി വരാവുന്ന ദൂരെയുള്ളതാ.പിന്നെ നല്ലൊരു കോളേജ് ബാംഗ്ലൂര്‍ കണ്ടു.അത് ഞാന്‍ പിന്നെ അങ്ങ് വിട്ടു.ബാംഗ്ലൂരിന്റെ കാറ്റടിച്ചാല്‍ മതി പിഴച്ച് പോകുമെന്നാ നാട്ടുകാര്‍ പറയുന്നത്.വെറുതെ എന്നാത്തിനാ.അതും ഈ കല്യാണാലോചന വരുന്ന സമയത്ത്.പിന്നെ ബേബിമോളേ മറ്റേ യോഗയും ജിമ്മുമൊക്കെ ഇനിയിപ്പൊ കുറച്ച് നാളത്തേയ്ക്ക് വേണ്ട.ഞാന്‍ ഒരു മാസികയില്‍ വായിച്ചതാ.നീയായതോണ്ട് പറയുന്നതാ.അധികം സ്‌ട്രെച്ച് ചെയ്താല്‍ മറ്റേത് പൊട്ടി പോകുമെന്ന്.ഇനി ഫസ്റ്റ് നൈറ്റ് കഴിഞ്ഞ് ഈ ‘തേവിടിശ്ശിയെ’ ആണോ എനിക്ക് കെട്ടിച്ച് തന്നത് എന്ന് എന്റെ ഭാവി അളിയന്‍ എന്നോട് ചോദിക്കുന്ന സീനൊന്ന് ഓര്‍ത്ത് നോക്കിയേ.ഞാന്‍ ആ സീന്‍ മനസ്സിലിട്ട് കുറേ ചിരിച്ചു.ഇഹ് ഇഹ്.
ആം.നീ വേഗം വാ.ഇവിടെ അടുക്കളയിലെ ഒരു പാത്രവും കഴുകി വെച്ചിട്ടില്ല.ഞാന്‍ നല്ല മീന്‍ വാങ്ങി വെച്ചിട്ടുണ്ട്.നിന്റെ അടുക്കളയിലെ കൈപുണ്യത്തെ വെല്ലാന്‍ ചേട്ടന് സ്‌കില്‍ ഇല്ലാത്തത് കൊണ്ട് അത് നിനക്കായി മാറ്റി വെച്ചിട്ടുണ്ട്.വനിതാ ദിനമൊക്കെയല്ലേ.ചേട്ടന്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്.ചേട്ടന്റെ ഷഡ്ഡി ഇനി ചേട്ടന്‍ തന്നെ അലക്കിക്കോളാം.നീയോ അമ്മയോ അത് ചെയ്യണ്ട.ഇവിടുന്ന് തന്നെ വേണ്ടേ നമുക്ക് സ്ത്രീ ശാക്തീകരണം.വാക്കിലല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്നാണ് എന്റെ ഒരു ലൈന്‍.
എവിടെയും ഇങ്ങനെ ഒന്നുമല്ലാട്ടോ ബേബി മോളേ.ഇതു പോലൊരു ചേട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം.ഏത്?
നാളെ ഞാനും അമ്മയും പള്ളീല്‍ പോണുണ്ട്.നിനക്ക് പിന്നെ ആയി ഇരിക്കല്ലേ.അതിനുള്ളതിണ്ടോ അവിടെ?ഇല്ലേല്‍ പറയണം.നാളെ ഇനി നീ വീട്ടിലിരിക്കണ സമയത്ത് ഞങ്ങളില്ലാതെ ബുദ്ധിമുട്ടണ്ട.
ആം
ഉമ്മറ പടിയില്‍ ഞാനുണ്ടാവും.
മെസ്സേജ് കണ്ട ഉടനെ ഒരു സ്‌മെയിലി ഇട്ടേക്ക്.
വേഗം ഇങ്ങ് പോരൂ.
സ്‌നേഹത്തോടെ
ഷമ്മി ചേട്ടന്‍

©Bebeto Thimothy

https://www.facebook.com/photo.php?fbid=2262809980405782&set=a.319556334731166&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button