ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും.തമിഴ്‌നാട്ടിലും ആന്ധ്രയിലും സഖ്യം സംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണക്കപ്പുറം ഒന്നിച്ചുള്ള പ്രചരണം കൂടി ആവശ്യമാണെന്ന് ബംഗാള്‍ ഘടകം പി.ബിയില്‍ വ്യക്തമാക്കി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി.
പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുന്നുണ്ടെങ്കിലും മത്സരിക്കുന്ന സീറ്റുകളിലാണ് വ്യക്തതയില്ലാത്തത്. കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് ഏറ്റവും പ്രതീക്ഷയുള്ള ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന പി.ബിയില്‍ തീരുമാനമുണ്ടാകും. അന്തിമ തീരുമാനം കൈക്കൊള്ളുന്നത് മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗമാണ്. ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുന്നത്. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്പരം മത്സരിക്കാതെയുള്ള സഹകരണം മാത്രം പ്രയോജനപ്പെടില്ലെന്നാണ് പി.ബിയില്‍ ഉയര്‍ന്ന് വന്ന അഭിപ്രായങ്ങളിലൊന്ന്.
താഴേ തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും കാര്യമായ മാറ്റം വരുത്തണമെങ്കില്‍ പ്രചരണരംഗത്ത് അടക്കം കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ബംഗാള്‍ ഘടകം ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ കേരളഘടകം ഇതിന് എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ബംഗാളിലെ ധാരണ കേരളത്തില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കേരള നേതാക്കളുടെ നിലപാട്. ഇന്നത്തെ യോഗത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബിമന്‍ ബോസ് , മുഹമ്മദ് സലീം എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തി. പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.
Post Your Comments