KeralaLatest NewsElection 2019

തെരഞ്ഞെടുപ്പിൽ കെട്ടി വെച്ച കാശ് പോലും നഷ്ട്ടപ്പെട്ടു എസ് ഡി പി ഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനവുമായി എസ് ഡി പി ഐ. പത്ത് മണ്ഡലങ്ങളില്‍ മത്സരിച്ച എസ്.ഡി.പി.ഐക്ക് എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിക്ക് നേടാനായത് 19095 വോട്ട് മാത്രം. 2014ല്‍ നസ്‌റുദ്ദീന്‍ എളമരത്തിലൂടെ അവർ 47853 വോട്ട് നേടിയ മണ്ഡലമാണിത്.

സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ പൊന്നാനിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിനു 18114 വോട്ട് മാത്രമാണ് നേടാനായത്. 2014ല്‍ ഇവിടെ 26,640 വോട്ട് നേടിയിരുന്നു.

ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, പൊന്നാനി, വയനാട്,മലപ്പുറം, പാലക്കാട്, ആറ്റിങ്ങല്‍, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ അവർ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും മറ്റ് മണ്ഡലങ്ങളില്‍ മുന്നണികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു.

കണ്ണൂരില്‍ എസ് ഡി പി ഐ സ്ഥാനാർത്ഥി അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടും വടകരയില്‍ മുസ്തഫ കോമേരി 5541 വോട്ടും നേടി.

എന്നാൽ ഇത്തവണ എസ് ഡി പി ഐ മുസ്ലിം ലീഗിന് വോട്ട് മറിച്ചെന്ന ആരോപണവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കൊണ്ടോട്ടിയില്‍ നടന്ന മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ച വന്‍ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമായി എസ് ഡി പി ഐ സംസ്ഥാന ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button