ന്യൂഡല്‍ഹി: സര്‍വകലാശാലാ നിയമനത്തിന് പുതിയ റോസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നതിനെതിരേ ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതുവരെ നിയമനങ്ങള്‍ നടത്തില്ലെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജ്യസഭയില്‍ പറഞ്ഞു. പുതിയ റോസ്റ്റര്‍ സമ്പ്രദായം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ അനുകൂലവിധിയുണ്ടായില്ലെങ്കില്‍ ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജിയല്ല, നിയമനിര്‍മാണമാണ് വേണ്ടതെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷകക്ഷികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് തടസ്സപ്പെട്ടിരുന്നു.
സര്‍വകലാശാലയിലെ മൊത്തം തസ്തികകള്‍ കണക്കിലെടുത്ത് സംവരണം നിശ്ചയിക്കുന്നതിനുപകരം ഓരോ വകുപ്പിലും പ്രത്യേകം കണക്കാക്കുന്നതാണ് പുതിയ രീതി. അലഹാബാദ് ഹൈക്കോടതിയുടെ 2017 ഏപ്രിലിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് യു.ജി.സി. പുതിയ സമ്പ്രദായം പ്രഖ്യാപിച്ചത്.ഇതുപ്രകാരം എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചത്. സര്‍വകലാശാല അടിസ്ഥാനത്തില്‍ 200 പോയന്റ് റോസ്റ്ററിനു പകരം 13 പോയന്റ് റോസ്റ്റര്‍ നടപ്പാക്കിയത് എസ്.സി,. എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുമുന്നില്‍ നിയമനത്തിന്റെ വാതിലടയ്ക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments