റാസല്‍ഖൈമ : തൊഴിലുടമ വാടക നല്‍കാത്തതിനാല്‍ കെട്ടിടയുടമ താമസക്കാരായ 33 തൊഴിലാളികളെ ഇറക്കിവിട്ടു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ അവര്‍ അഭയം തേടിയെത്തി.എസ്.എസ്.എം. മറൈന്‍ എന്ന കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരുവര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഇവരുടെ സേവനങ്ങള്‍ കമ്പനി അവസാനിപ്പിച്ചതായി തൊഴിലാളികള്‍ പറയുന്നു.
കന്യാകുമാരി സ്വദേശിയായ രാജയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ രണ്ടു ക്യാമ്പുകളിലായി 90 തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. അതില്‍ ഒരു ക്യാമ്പിലെ തൊഴിലാളികളാണ് ഇപ്പോള്‍ ദുരിതത്തിലായത്. കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള ഇവര്‍ 45,000 മുതല്‍ 75,000 രൂപ വരെ വിസയ്ക്കായി നല്‍കിയാണ് ഇന്ത്യയില്‍ നിന്നുള്ള ഏജന്റ് വഴി റാസല്‍ഖൈമയില്‍ എത്തിയത്. കരാര്‍ പ്രകാരം 1500 ദിര്‍ഹം ശമ്പളം നിശ്ചയിച്ചിരുന്നെങ്കിലും ആയിരം രൂപയാണ് ആദ്യമാസങ്ങളില്‍ തൊഴിലുടമ നല്‍കിയിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അത് ഇരുനൂറു ദിര്‍ഹം വീതമായി. ഡിസംബര്‍ മുതല്‍ അതുമില്ല എന്നും തൊഴിലാളികള്‍ പറഞ്ഞു. അങ്ങനെ താമസസ്ഥലത്തു നിന്നു സ്വദേശിയായ ഉടമ ഇറക്കിവിട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ ഐ.ആര്‍.സി.യില്‍ അഭയം തേടിയത്.
ഐ.ആര്‍.സി. പ്രതിനിധി പുഷ്പന്‍ ഗോവിന്ദന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ അറിയിച്ച ശേഷം കമ്പനിയുടമയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്കുള്ള ഭക്ഷണവും താമസസൗകര്യവും താത്കാലികമായി ഏര്‍പ്പെടുത്തി. വിസയ്ക്കുള്ള പണം താനല്ല വാങ്ങിയതെന്നും കൃത്യമായി ജോലി ചെയ്യാത്തതുകൊണ്ടാണ് ഇവരുടെ സേവനം അവസാനിപ്പിച്ചതെന്നുമാണ് തൊഴിലുടമയായ രാജ ആരോപിക്കുന്നത്. ഭക്ഷണത്തിനുപോലും പണം നല്‍കാതായപ്പോഴാണ് പലരും ജോലിചെയ്യാന്‍ തയ്യാറാവാതിരുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഏജന്റ് നല്‍കിയ വാഗ്ദാനം വിശ്വസിച്ചു ഗള്‍ഫ് സ്വപ്നവുമായി ഇവിടെയെത്തി കബളിപ്പിക്കപ്പെട്ടവരാണ് ഇവര്‍. ശമ്പള കുടിശികയും ടിക്കറ്റും നല്‍കി ഉടനെ ഇവരെ നാട്ടില്‍ എത്തിക്കാമെന്നു സ്ഥാപനമുടമ രാജയും ക്യാമ്പ് ഓഫീസര്‍ പ്രകാശും ഉറപ്പു നല്‍കിയതായി പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞു. മതിയായ രേഖകളോ, ജോലിയെക്കുറിച്ചുള്ള ധാരണയോ ഇല്ലാതെ ഇവിടെയെത്തി കബളിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഇപ്പോഴും വര്‍ധിക്കുകയാണെന്നും ഐ.ആര്‍.സി. പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments