ബെംഗളൂരു: അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ബൈക്ക് ടാക്സിയുമായി വീണ്ടും ഒല. എന്നാല്‍, ബൈക്ക് ടാക്സികള്‍ സര്‍വീസ് നടത്താന്‍ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്നും നിലവില്‍ വാടകയ്ക്കുള്ള ബൈക്കുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു.
പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനികളായ ഒലയും ഊബറും 2016-ല്‍ ബൈക്ക് ടാക്സി നിരത്തിലിറക്കിയിരുന്നെങ്കിലും ഗതാഗതവകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു. ഇതുവരെ ആയിരത്തോളം ബൈക്കുകള്‍ ഒലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഊബര്‍ ബൈക്ക് ടാക്സി തുടങ്ങുന്നതിനായി ഗതാഗതവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ചെലവുകുറഞ്ഞതും വേഗമേറിയതുമായ യാത്രാസൗകര്യമാണ് ബൈക്ക് ടാക്സിയിലൂടെ ഒല ലക്ഷ്യമിടുന്നത്.
ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ബി.എം.ആര്.സി.എല്‍. മാനേജിങ് ഡയറക്ടര്‍ അജയ് സേത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍, അനുമതി നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് തീരുമാനമെടുക്കാത്തതെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു.
ബൈക്ക് ടാക്സികള്‍ വ്യാപകമായാല്‍ ബി.എം.ടി.സി ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കാര്‍ കുറയുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ ടാക്സിയൂനിയനുകള് ഇതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ ബൈക്ക് ടാക്സികള്‍ അത്യാവശ്യമാണെന്നാണ് ഒരു വിഭാഗം യാത്രക്കാരുടെ അഭിപ്രായം.
Post Your Comments