ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് സഭാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് കേരളത്തിന് പുറത്ത് സഭ സമ്മേളിക്കുന്നത്. നവകേരള നിര്‍മാണത്തിന് യു.എ.ഇയിലെ അംഗങ്ങള്‍ സമാഹരിക്കുന്ന 300 കോടി രൂപ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സമ്മേളനത്തിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നു എന്ന ആരോപണം തെറ്റാണ്. ബജറ്റ് തുക കൊണ്ടല്ല സമ്മേളനം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികളായി എത്തുന്ന എട്ടില്‍ താഴെ അംഗങ്ങളുടെ വിമാനചെലവ് മാത്രമേ സര്‍ക്കാര്‍ വഹിക്കൂ. നവ കേരള നിര്‍മാണത്തിനായി യു.എ.ഇയിലെ പ്രവാസി സംഘടനകള്‍ നല്‍കുമെന്ന് ഏറ്റ 300 കോടി സംബന്ധിച്ച ചോദ്യത്തിന് ഇതായിരുന്നു മറുപടി.
ഈമാസം 15, 16 തിയതികളില്‍ ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം നടക്കുക. സഭയുടെ ഏഴ് സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ ശിപാര്‍ശകള്‍ സമ്മേളനം ചര്‍ച്ചക്ക് എടുക്കും. പ്രതിപക്ഷ നിരയില്‍ നിന്ന് കെ.സി ജോസഫ് എം.എല്‍.എയുണ്ടാകും. രമേശ് ചെന്നിത്തല പങ്കെടുക്കാത്തത് വീട്ടില്‍ വിവാഹ ചടങ്ങുള്ളത് കൊണ്ടാണ്.സ്പീക്കറും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി 15 ന് പതിയ്യായിരം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. സഭാംഗങ്ങളായ കെ.എല്‍ ഗോപി, ബിജു സോമന്‍, കുഞ്ഞഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments