കൊല്ലം: പ്രശസ്ത കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ചവറ ചെക്കാട്ടുകിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിഅമ്മയുടെയും മകളാണ്. കഥകളി രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരാതിരുന്ന കാലഘട്ടത്തിലാണ് പാറുക്കുട്ടിയുടെ രംഗപ്രവേശം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.
കാമന്‍കുളങ്ങര എല്‍.പി സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്.എന്‍ വിമന്‍സ് കോളേജില്‍ നിന്നും പ്രീ യൂണിവേഴ്സിറ്റിയും തുടര്‍ന്ന് ഫാത്തിമ മാതാ കോളേജില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ബി.എ ബിരുദവും നേടി. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. മകള്‍ കലാമണ്ഡലം ധന്യ.
Post Your Comments