KeralaLatest News

ആയുഷ് എക്‌സ്‌പോയും സൗജന്യ പരിശോധനയും മരുന്ന് വിതരണവും

തിരുവനന്തപുരം: ഫെബ്രുവരി 15 മുതല്‍ 19 വരെ കനകക്കുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ആയുഷ് എക്‌സ്‌പോയും സൗജന്യ വിദഗ്ദ്ധ പരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.

പ്രധാനമായും ഏഴ് പവലിയനുകളാണ് എക്‌സ്‌പോയിലുള്ളത്. ആദ്യത്തെ ഹോം പവലിയനില്‍ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, പ്ലാറ്റിനം സ്‌പോന്‍സര്‍ ആയ കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവയുടെ സ്റ്റാളുകളാണ് ഉള്ളത്. രണ്ടാമത്തെ ആയുഷ് പവലിയനില്‍ കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സ്റ്റാളുകളും മൂന്നാമത്തെ സര്‍ക്കാര്‍ പവലിയനില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ ആയുഷ് മിഷന്‍, ട്രഡീഷണല്‍ നോളജ് ഇന്നോവേഷന്‍ കേരള, ഹോംകോ, ഔഷധി ഇവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.

നാലാമത്തെ വിഭാഗമായ പ്രൈവറ്റ് സെക്ഷനില്‍ പ്രൈവറ്റ് മരുന്ന് നിര്‍മ്മാണ കമ്പനികളുടെയും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളാണ് ഉണ്ടായിരിക്കുക.

അഞ്ചാമത്തെ എഡ്യൂക്കേഷന്‍ എക്‌സ്‌പോയില്‍ 25 വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് 50 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ആയുഷ് കോളേജുകളാണ് ഇത് നടത്തുന്നത്.

ആറാമത്തെ ആയുഷ് ക്ലിനിക് സ്റ്റാളുകളില്‍ 10 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ഉണ്ടായിരിക്കും. അവിടെ സൗജന്യ വിദഗ്ധ പരിശോധനയും മരുന്ന് വിതരണവും ലഭിക്കുന്നതാണ്. വിവിധ സ്‌പെഷാലിറ്റികളിലുള്ള ആയുര്‍വേദ, ഹോമിയോ, സിദ്ധ, നാച്ചുറോപ്പതി, യൂനാനി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ഇവിടെ ലഭ്യമാണ്.

ഏഴാമത്തെ സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ നൂതന ആശയങ്ങളുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ കാണാനും, ചര്‍ച്ചചെയ്യാനും സാധിക്കും. പൊതുജനങ്ങള്‍ക്കും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും യുവ സംരഭകര്‍ക്കും ഏറ്റവും ഫലപ്രദമാകുന്ന രീതിയിലാണ് എക്‌സ്‌പോ രൂപകല്‍പന ചെയ്തിരിക്കുന്നത്. രാവിലെ 10 മുതല്‍ 9 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. 20 രൂപയാണ് പ്രവേശന ഫീസ്. പ്രവേശന ഫീസായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുതാണെന്ന് സംഘാടക സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button