UAELatest NewsGulf

മാര്‍പ്പാപ്പയുടെ ചരിത്ര സന്ദര്‍ശനം; അബുദാബിയില്‍ സ്മാരകമുയരുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി അബൂദബിയില്‍ ചര്‍ച്ചും മുസ്ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടൊപ്പം അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍.ഫ്രാന്‍സിസ് മാര്‍പാപ്പ, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് എന്നിവരുടെ പേരുകള്‍ സൂചിപ്പിക്കുന്ന സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ ത്വയ്യിബ് മസ്ജിദ് എന്നിവയാണ് മതാന്തര ബന്ധത്തിന്റെ സ്മാരകമായി നിര്‍മിക്കുന്നത്.

അബൂദബി ഫൗണ്ടേഴ്‌സ് മെമോറിയലില്‍ നടന്ന മാനവ സൗഹാര്‍ദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരാധനാലയങ്ങളുടെ ശിലാഫലകത്തില്‍ അവര്‍ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയും യു.എ.ഇ രാഷ്ട്രനേതാക്കളും പരസ്പരം സമ്മാനമായി മുസ്‌ലിം- ക്രൈസ്തവ സൗഹാര്‍ദത്തിന്റെ ചരിത്ര രേഖകള്‍ കൈമാറിയിരുന്നു.1219-ല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസിയും സുല്‍ത്താന്‍ മാലിക് അല്‍ കാമിലും തമ്മില്‍ കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകമാണ് മാര്‍പാപ്പ യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് സമ്മാനിച്ചത്. ഡാനിയേല ലോങ്ങോ എന്ന കലാകാരിയാണ് ഫലകം തയാറാക്കിയത്.

അഞ്ചാം കുരിശു യുദ്ധകാലത്ത് സെന്റ് ഫ്രാന്‍സിസ് യുദ്ധമുന്നണി മുറിച്ചുകടന്ന് ഈജിപ്ത് രാജാവായ സുല്‍ത്താന്‍ മാലിക് അല്‍ കാമിലിനെ സന്ദര്‍ശിച്ച ചരിത്രം രേഖപ്പെടുത്തിയതാണ് ഈ ഫലകം. യു.എ.ഇയിലെ പ്രഥമ ചര്‍ച്ചായ സെന്റ് ജോസഫ്‌സ് കത്തീഡ്രലിന്റൈ അവകാശപത്രം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം മാര്‍പാപ്പക്ക് സമ്മാനമായി നല്‍കിയിരുന്നു. അതോടൊപ്പം അന്നത്തെ അറേബ്യന്‍ അപോസ്തലിക് കാത്തലിക് വികാരി ബിഷപ് ല്യൂഗി മഗ്ല്യകാനി ഡകാസ്റ്റല്‍ ഡെല്‍ പിയാനോയുമുമൊത്തുളള ശൈഖ് ശാഖ്ബൂതിന്റൈ ഫോട്ടോയും രേഖയോടൊപ്പം മാര്‍പാപ്പക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button