2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ നടത്തിപ്പിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി എന്ന സംയുക്ത സംരംഭത്തിനാണ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക നടത്തിപ്പ് ചുമതല.ഫിഫയും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ചേര്‍ന്നാണ് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയത്. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി എന്നാണ് സംയുക്ത കമ്മിറ്റിയുടെ പേര്.
സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദിയാണ് സംയുക്ത കമ്മിറ്റിയുടെ ചെയര്‍മാന്‍. സുപ്രീം കമ്മിറ്റിയുടെ ടൂര്‍ണമെന്റ് റെഡിനെസ് ആന്റ് എക്‌സ്പീരിയന്‍സ് ഗ്രൂപ്പ് മേധാവി നാസര്‍ അല്‍ ഖാതിറാണ് സംയുക്ത കമ്മിറ്റിയുടെ സി.ഇ.ഒ.ഫിഫ സെക്രട്ടറി ജനറല്‍ ഫത്മ സമൂറ, ഫിഫ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍മാരിലൊരാളായ സ്വോനിമിര്‍ ബോബന്‍, ഫിഫ ചീഫ് ലീഗല്‍ ഓഫീസര്‍ എമിലിയോ ഗാര്‍ഷ്യ സില്‍വെറോ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൗദ് അല്‍ മുഹന്നദി എന്നിവരും സംയുക്ത കമ്മിറ്റിയുടെ ബോര്‍ഡ് അംഗങ്ങളാണ്.
സുപ്രീം കമ്മിറ്റിയുടെ ആസൂത്രണവും ഫിഫയുടെ അനുഭവ സമ്പത്തും ചേര്‍ന്നുള്ള സംരംഭം ടൂര്‍ണമെന്റിന്റെ വിജയത്തില്‍ നിര്‍ണായകമായിരിക്കുമെന്ന് തവാദി പറഞ്ഞു.ആദ്യ ബോര്‍ഡ് യോഗത്തിന് മുന്നോടിയായി സംയുക്ത കമ്മിറ്റിയുടെ ഓഫീസ് അല്‍ബിദ ടവറില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ കായികോത്സവത്തിനായി ടീമുകളെയും പത്ത് ലക്ഷത്തിലേറെ വരുന്ന ആരാധകരെയും സ്വാഗതം ചെയ്യാന്‍ ഖത്തര്‍ അവസാന വട്ട ഒരുക്കത്തിലാണെന്ന് നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു. ടൂര്‍ണമെന്റ് സംഘാടനത്തിലെ ഏറ്റവും നിര്‍ണായക ചുവടുവെപ്പാണ് സംയുക്ത കമ്മിറ്റിയുടെ രൂപീകരണമെന്ന് ഫത്മ സമൂറ പറഞ്ഞു. കമ്മിറ്റിയുടെ ആദ്യയോഗം ദോഹയില്‍ ചേര്‍ന്നു.
Post Your Comments